Tuesday, April 26, 2011

ഇന്ന് നാളെയാണോ???

"ഇന്ന് നാളെയാണോ?" എന്ന് ഞാന്‍ ചോദിക്കുമ്പോള്‍ നിങ്ങളുടെ പ്രതികരണം ഇതിനുള്ള ഉത്തരമായിരിക്കില്ലെന്നും, മറ്റു പല ചോദ്യങ്ങളും എന്‍റെ മാനസിക നിലയെ കുറിച്ചുള്ള സംശയങ്ങളും ആയിരിക്കുമെന്നും എനിക്കറിയാം. എന്നാല്‍ ഇത് എന്‍റെ ചോദ്യമല്ല, എന്‍റെ ഒരു സുഹൃത്തിന്‍റെ 'ജന്മസിദ്ധമായ' ഒരു സംശയമാണ്. എത്ര ആലോചിച്ചിട്ടും, പലരോടും ചോദിച്ചിട്ടും ഉത്തരം കിട്ടാത്ത ഒരു ചോദ്യം, ഇന്ന് നാളെയാണോ?

അവളെ, എന്‍റെ സുഹൃത്തിനെ, ഞാന്‍ ഇവിടെ 'ഗീതു' എന്ന് വിളിച്ചോട്ടെ. ഈ ഗീതു കാണാന്‍ വലിയ കുഴപ്പമില്ലാത്ത, ഒരു ബുദ്ധിജീവിയുടെ സ്വഭാവങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിക്കാത്ത, കാലത്തിനൊപ്പം തന്നെ യാത്ര ചെയ്യുന്ന ഒരു കുട്ടിയായിരുന്നു. ഒരേയൊരു കുഴപ്പം ഈ ഒരു സംശയവും.   

ഈ ചോദ്യം ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് അഥവാ കേട്ടുകൊണ്ടിരുന്നത്‌ ഏതാണ്ട് 20 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഗീതു പലരോടും ചോദിച്ചു, ഇന്ന് നാളെയാണോ? പക്ഷേ  അവള്‍ക്കു കിട്ടിയ മറുപടികളിലോന്നും തന്നെ അതിനുള്ള ഉത്തരം ഉണ്ടായിരുന്നില്ല. കിട്ടിയ പ്രതികരണങ്ങള്‍ ഏതാണ്ട് ഇതുപോലെ ആയിരുന്നു.

മറുപടി 1: "അതെന്തു ചോദ്യാ മോളെ..., ഇന്ന് നാളെയാണോ...., ഇന്ന് ഇന്നല്ലേ?" 
മറുപടി 2: "നിനക്ക് വേറെ പണിയൊന്നും ഇല്ലേ? ഇന്ന് നാളെയാണോന്ന്...."
മറുപടി 3: "നീ പോ... എനിക്ക് വേറെ പണിയുണ്ട്. ഓരോ ചോദ്യേ..."

എന്നാല്‍ വളരെ ക്ഷമയോട് കൂടി ഇതിനു ഉത്തരം നല്‍കി അവളെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ച ഒരാളുണ്ട്. അവളുടെ അച്ഛാച്ചന്‍ (അച്ഛന്‍റെ അച്ഛന്‍ എന്ന ബന്ധത്തെ കേരളത്തിന്‍റെ വ്യത്യസ്ഥ ജില്ലകളില്‍ സംബോധന ചെയ്യുന്നത് വ്യത്യസ്ഥ നാമങ്ങലിലാണ്). കുട്ടിക്കാലത്തെ അവളുടെ ഏറ്റവും നല്ല കൂട്ടുകാരില്‍ ഒരാളാണ് അച്ഛാച്ചന്‍. ഭാരത കരസേനയില്‍ നിന്നും വിരമിച്ച ഒരു വ്യക്തിയായ അദ്ദേഹം കാര്യങ്ങള്‍ കൂടുതല്‍ ചിട്ടയോടും വസ്തു നിഷ്ഠതയോടും കണ്ടിരുന്നു അഥവാ കാണാന്‍ ശ്രമിച്ചിരുന്നു. (സംഭാഷണത്തില്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം ഉപയോഗിക്കുന്ന ചില വാക്കുകള്‍ കണ്ടേക്കാം.)

ഗീതു: "അച്ഛാച്ചാ... ഇന്ന് നാളെയാ?"

അച്ഛാച്ചന്‍: "ഗീതു, ഇന്നെങ്ങനെയാ നാളെയാകുന്നത്? ഇന്ന് ഇന്ന്, നാളെ നാളെ."

ഗീതു: " അല്ല അച്ഛാച്ചാ... ഇന്ന് നമ്മള്‍ നാളെയാണെന്ന് പറയില്ലേ?"

അച്ഛാച്ചന്‍: "ഇന്നത്തെ കാര്യം ഇന്ന് പറയുമ്പോള്‍ ഇതു ഇന്നാണ് എന്ന് പറയും. നാളത്തെ കാര്യം നമ്മള്‍ ഇന്ന് പറയുമ്പോള്‍ അത് നാളെ ആണെന്ന് പറയും. ഇനി ഇന്ന് നമ്മള്‍ ചെയ്യാന്‍ പോകുന്ന ഒരു കാര്യത്തെ കുറിച്ച് ഇന്നലെ പറയുമ്പോള്‍ അത് നാളെ ആണെന്ന് പറയും. മനസ്സിലായോ?"

ഗീതു: "ആ, അപ്പൊ... ഇന്ന് നാളെയാണല്ലേ?"

അച്ഛാച്ചന്‍: "എന്‍റെ ഗീതു, അതെങ്ങനെയാ ഇന്ന് നാളെയാകുന്നത്? ഇന്ന് സ്കൂളില്‍ പോകേണ്ടുന്ന കാര്യം ഇന്നലെ പറയുമ്പോള്‍ നാളെ സ്കൂളില്‍ പോകണമെന്ന് പറയും. അത് ഇന്ന് പറയുമ്പോള്‍ ഇന്ന് സ്കൂളില്‍ പോകണമെന്ന് പറയും. ഇന്ന് പോകുന്ന കാര്യം ഇന്ന് പറയുമ്പോള്‍ അത് നാളെ എന്നാണോ പറയുന്നത്?"

ഗീതു: "അല്ല. അത് ഇന്ന് എന്നുതന്നെ പറയും. പക്ഷേ ഇന്നത്തെ കാര്യം ഇന്നലെ പറയുമ്പോള്‍ അത് നാളെ എന്നല്ലേ പറയുന്നത്. അപ്പോ, ഇന്ന് നാളെയല്ലേ?"

അച്ഛാച്ചന്‍: "അത് ഇന്നു പറയുമ്പോള്‍ ഇന്നാണല്ലോ, ഇന്നലെ പറയുമ്പോള്‍ മാത്രമല്ലേ നാളെ എന്ന് പറയുന്നുള്ളൂ. അപ്പോള്‍ ഇന്നത്തെ കാര്യം ഇന്ന് പറയുന്നതിന് നാളെ എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ?"

ഈ ചര്‍ച്ച കുറച്ചു സമയത്തേക്ക് അങ്ങ് നീണ്ടുപോകും. ഗീതു തന്‍റെ സംശയത്തെ അനുകൂലിക്കുന്ന കാര്യങ്ങള്‍ നിരത്തും. അച്ഛാച്ചന്‍ അതിന്‍റെ ശരിയായ വശം പറഞ്ഞുകൊടുത്തുകൊണ്ടിരിക്കും. ആരായാലും ക്ഷമയ്ക്ക് ഒരതിരുണ്ടല്ലോ? മാത്രമല്ല, ലോകത്തിലെ എല്ലാകാര്യങ്ങളിലും തനിക്കറിവുണ്ടെന്നു കാണിക്കുന്നവരായിരിക്കും വിരമിച്ച പട്ടാളക്കാരില്‍ ഏറെയും. ധീരതയോടെ ആയുധമേന്തി നമ്മുടെ നാടിനെ രക്ഷിക്കുന്ന ഇവര്‍ വിരമിച്ചു കഴിഞ്ഞാലും പിടിച്ചു നില്‍ക്കാന്‍ പറ്റാത്തിടത്ത് 'ആയുധ'മെടുക്കും. ഈ ചര്‍ച്ച അവസാനിക്കുന്നത് ഇങ്ങനെയായിരിക്കും.

അച്ഛാച്ചന്‍: "മനസ്സിലായോ?"

ഗീതു: "ആ, അത്... ആ... ഏകദേശം മനസ്സിലായി. പക്ഷേ അച്ഛാച്ചാ, ഇന്ന് നാളെയാ?" 

അച്ഛാച്ചന്‍: (ക്ഷമ കെട്ട്, ദേഷ്യത്തോടെ) "നിന്‍റെ ലൊട്ട വര്‍ത്താനം എനിക്ക് കേള്‍ക്കേണ്ട... ഓരോ ചോദ്യം... ബ്ലഡി ഫൂള്‍..." (കൂടെ നിലവാര തകര്‍ച്ച സംഭവിക്കാത്ത ചില വാക്കുകളും വാക്യപ്രയോഗങ്ങളും.)

അച്ഛാച്ചന്‍ ഇത്രയും പറഞ്ഞു കഴിയുമ്പോഴേക്കും ഗീതു അവിടെനിന്നും ഓടി മറഞ്ഞിട്ടുണ്ടാകും. ഇതിനു ശേഷം കുറച്ചു ദിവസത്തേക്ക് ഈ ചോദ്യം ആരോടും അവള്‍ ചോദിക്കുന്നുണ്ടാവില്ല. പരമാവധി ഒരാഴ്ച, വഴക്ക് പറഞ്ഞ അച്ഛാച്ചനും കേട്ട ഗീതുവും അത് മറക്കും. മറക്കാത്തതായി ഒന്ന് മാത്രം.

ഗീതു: "അച്ഛാച്ചാ... ഇന്ന് നാളെയാ?"

ടെലിവിഷന്‍ ചാനലുകളിലെ പുനരവതരണം പോലെ അവളുടെ വീട്ടില്‍ ഇതൊരു പതിവ് രംഗമായിരുന്നു. വഴക്ക് കിട്ടുന്നത് വരെ ചര്‍ച്ച, അതിനുശേഷം അത് മറക്കുന്നത് വരെ ഇടവേള. ഓരോതവണ ചോദിക്കുമ്പോഴും ആദ്യമായി ചോദിക്കുന്നതിന്‍റെ ഗൌരവത്തോടു കൂടിയായിരിക്കും ഗീതു ഉത്തരത്തിന് വേണ്ടി കാത്തുനില്‍പ്പുണ്ടാകുക.

മുമ്പ് ആപ്പിള്‍ തലയില്‍ വീണപ്പോള്‍ "ഇതെന്തുകൊണ്ട് താഴെവീണു?" എന്ന ഒരു സംശയത്തില്‍ നിന്നാണ് ഗുരുത്വാകര്‍ഷണബലവും g=9.8 ഉം അതിന്‍റെ പുറകെ ഊര്‍ജതന്ത്രത്തിലെ തീര്‍ത്താല്‍ തീരാത്ത കുറേ പ്രശ്നങ്ങളും സമവാക്യങ്ങളും ഉണ്ടായത്. ഈ ചോദ്യവും ഇതുപോലെ വല്ലതിലും എത്തിച്ചേരുമോ എന്ന് ഞാന്‍ ഉറ്റുനോക്കിക്കൊണ്ടിരുന്നു.

വര്‍ഷങ്ങള്‍ കടന്നുപോയി. വളര്‍ന്നപ്പോള്‍ കൈവന്ന പക്വതകൊണ്ടോ വളരുമ്പോള്‍ നിഷ്കളങ്കത്തിനു സംഭവിക്കുന്ന ചെറിയ തേയ്മാനം കൊണ്ടോ, ഗീതു ഈ ചോദ്യം ആരോടും ഇപ്പോള്‍ ചോദിക്കാറില്ല. എന്നാല്‍ ഇന്നും ഉത്തരമറിയാതെ ഒരു ചോദ്യമായി അത് ഗീതുവിനെ വേട്ടയാടാതെ, ശല്യപ്പെടുത്താതെ പിന്തുടരുകയാണ്. നിങ്ങള്‍ക്ക് ഒരു ഉത്തരം കൊടുക്കാമോ ഗീതുവിന്? മറുപടി അല്ല, ഉത്തരം, ഉത്തരം മാത്രം. ചോദ്യം മറക്കേണ്ട "ഇന്ന് നാളെയാണോ?"

3 comments:

  1. അപ്പൊ ശെരിക്കും ഇന്ന് നാളെ അല്ലെ???

    ReplyDelete
  2. ആണോ?? ഇന്ന് നാളെയാണോ??

    ReplyDelete
  3. റോഷ്‍നിയെ വീട്ടിൽ ഗീതു എന്നാണോ വിളിക്കുന്നതു്‌?

    ReplyDelete