Sunday, April 24, 2011

താക്കോലെടുക്കാതെ...

ഞാന്‍ ഹൈദരാബാദില്‍ ചേച്ചിയുടെയും (കസിന്‍) ചേട്ടന്‍റെയും(ചേച്ചിയുടെ ഭര്‍ത്താവ്) കൂടെ താമസിക്കുന്ന കാലം. സ്വന്തമായി വീടോ, വാഹനമോ അങ്ങനെ 'അത്യാവശ്യം' അല്ലാത്തത് ഒന്നുമില്ലാത്ത കാലം. അന്നത്തെ എന്‍റെ ജീവിതം കൊണ്ടുപോയിരുന്നത് കണക്കിലെ ഒരു സമവാക്ക്യം ആയിരുന്നു. a=b, b=c => a=c. അതായത് എന്‍റെ ചേച്ചി, ചേച്ചിയുടെ വീട് => എന്‍റെ വീട്. 

ചേച്ചിയെയും ചേട്ടനെയും കുറിച്ച് നാലുവാക്ക്‌. "അവര്‍ നാലുവാക്കില്‍ ഒന്നും ഒതുങ്ങില്ല." ഞങ്ങള്‍ തമ്മിലുള്ള ബന്ധം വിവരണാതീതമാണ്. തിരക്ക്പിടിച്ച അവിടത്തെ ജീവിതത്തില്‍ ഞങ്ങള്‍ക്ക് ഞങ്ങള്‍ മാത്രമേ ഉള്ളൂ. ചിലപ്പോള്‍ അവര്‍ വീട് എന്നെ ഏല്‍പ്പിച്ചു അവരുടെ അച്ഛനമ്മമാരെ കാണാന്‍ പോകും. അത്രമാത്രം വിശ്വാസമായിരുന്നു എന്നെ. ആ ദിവസങ്ങളില്‍ എന്‍റെ ജീവിതം വെറും രാജകീയമായിരിക്കും. പോകുന്ന ദിവസം ചേച്ചി മൂന്നു പ്രാവശ്യം എനിക്ക് നിര്‍ദേശങ്ങള്‍ തരും. 1 ഞാന്‍ ഓഫീസിലേക്ക് പുറപ്പെടും മുമ്പേ, 2 ചേച്ചി റെയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെടും മുമ്പേ. 3 ട്രെയിന്‍ പുറപ്പെടും മുമ്പേ. അവര്‍ തിരിച്ചു വരുമ്പോഴേക്കും ഞാനും വീടും അതേപോലെ നിലനില്‍ക്കാനുള്ള നിര്‍ദേശങ്ങള്‍ ആയിരിക്കും എല്ലാം. പറയണ്ടത് ചേച്ചിയുടെ കടമ, മറക്കേണ്ടത്‌ എന്‍റെയും.

അങ്ങനെ ഒരു വെള്ളിയാഴ്ച്ച, ചേച്ചിയും ചേട്ടനും ചെന്നൈയില്‍ ഉള്ള ചേച്ചിയുടെ വീട്ടിലേക്ക്, വല്ലപ്പോഴും ഒരുമിച്ചു വീണുകിട്ടാറുള്ള അവധിക്കാലം ചിലവഴിക്കാന്‍ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. വീട് 'കൈമാറ്റ' പദ്ധതി എന്നെത്തെയും പോലെ തന്നെ. ഞാന്‍ ഓഫീസില്‍ നിന്നു നേരെ റെയില്‍വേ സ്റ്റേഷനില്‍ പോകണം. അവര്‍ രണ്ടുപേരും അവരുടെ കാറില്‍ അവിടെ എത്തും. അവരോടു ബൈ ബൈ പറഞ്ഞു ട്രെയിന്‍ വിദൂരതയില്‍ എത്തും വരെ നോക്കിനിന്നു കാര്‍ എടുത്തു തിരിച്ചു വീട്ടിലേക്ക് പോരണം. വീടിന്‍റെ താക്കോല്‍, വണ്ടിയുടെ ബുക്കും പേപ്പറും എല്ലാം വണ്ടിക്കകത്തു ഉണ്ടാകും. 

പതിവുപോലെ അന്നും ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി. ചേട്ടന്‍ എനിക്ക് കാറിന്‍റെ താക്കോല്‍ തന്നു. ചേച്ചി തന്‍റെ നിര്‍ദേശപ്പെട്ടി തുറന്നു.

ചേച്ചി: "പാല്‍ തിളപ്പിച്ച്‌ തണുത്ത ശേഷം ഫ്രിഡ്ജില്‍ വയ്ക്കണം."
ഞാന്‍: "വയ്ക്കാം."

ചേച്ചി: "അരി കുതിര്‍ത്തു വച്ചത് അരയ്ക്കണം. നാളെ രാവിലെ ദോശ ഉണ്ടാക്കിയശേഷം ബാക്കിയുള്ളത് ഫ്രിഡ്ജില്‍ വയ്ക്കണം." 
ഞാന്‍: "ചെയ്യാം."

ചേച്ചി: "ഡിന്നര്‍ ടേബിളില്‍  വച്ചിട്ടുണ്ട്. കഴിക്കണം."
ഞാന്‍: "കഴിക്കാം."

ചേച്ചി: "ഇതൊക്കെ ചെയ്യാം എന്ന് പറഞ്ഞാല്‍ പോര.. മറക്കാതെ ചെയ്യണം."
ഞാന്‍: "അയ്യോ... ചെയ്യാം." 

ഞാന്‍ പറഞ്ഞില്ലേ ചേച്ചിക്ക് എന്നെ നല്ല വിശ്വാസമാണെന്ന്!!!

സമയം 7:00pm. അവര്‍ക്ക് ബൈ ബൈ പറഞ്ഞു, വിദൂരതയിലേക്ക് പോകുന്ന ട്രെയിന്‍ കൂടുതല്‍ വേഗത്തില്‍ പോകാന്‍ ഒരു ദീര്‍ഘനിശ്വാസവും കൊടുത്തിട്ട് ഞാന്‍ കാര്‍ എടുത്തു വീട്ടിലേക്ക് യാത്രയായി. യാത്രാമദ്ധ്യേ എന്‍റെ ഫോണ്‍ കരഞ്ഞു തുടങ്ങി. നികേഷ് ആയിരുന്നു. അവനു ബിയര്‍ അടിക്കാന്‍ ഒരു കൂട്ട് വേണമെന്ന്. കള്ളിനും സിനിമക്കും കൂട്ടിനുവേണ്ടി എന്നെ വിളിക്കുന്ന സുഹൃത്തുക്കളെ ഞാന്‍ നിരാശപ്പെടുത്താറില്ല, കാരണം വേറെ ആരെയും കിട്ടിയില്ലെങ്കില്‍ മാത്രമേ, ഈ രണ്ടു വിഷയങ്ങളിലും എന്നെ അവര്‍ വിളിക്കൂ എന്ന് എനിക്ക് നല്ലപോലെ അറിയാം. അതില്‍ ഒരു നിരാശയുടെ ചുവയും ഉണ്ടാകും.

ഞാന്‍ സമ്മതിച്ചു, ദീവാന്‍ ഡാബയില്‍ ഓപ്പണ്‍ എയറില്‍ അവന്‍ ബിയര്‍ അടിക്കാനും ഞാന്‍ ഫുഡ്‌ അടിക്കാനും... ഈ നികേഷ് എന്‍റെ ഓഫീസില്‍ മുമ്പ് ജോലിചെയ്തതും, ഞങ്ങളുടെ മ്യൂസിക്‌ ബാന്‍ഡില്‍ ഒരുമിച്ചുണ്ടായതും ആയ ഒരു വ്യക്തിയാണ്. അതുകൊണ്ടുതന്നെ ചര്‍ച്ചകള്‍ ഏറെയും സംഗീതത്തെ കുറിച്ചും ഓഫീസിലെ ആളുകളെ കുറിച്ചുമായി. ഞങ്ങള്‍ സംഗീതത്തിന്‍റെ പലപല മേഖലയില്‍ കൂടി കടന്നു, പിന്നെ അതുപാടിയ പെണ്ണിനെ കുറിച്ചും അവളുടെ സൌന്ദര്യത്തെക്കുറിച്ചുമായി ചര്‍ച്ച, അങ്ങനെ പലപല മേഖലകള്‍... അവന്‍റെ ബിയറും എന്‍റെ പ്ലേറ്റും നിറച്ചുകൊണ്ടും ഒഴിഞ്ഞുകൊണ്ടും... അങ്ങനെ കുറെ നിമിഷങ്ങള്‍...

സമയം 10:30pm, അപ്രതീക്ഷിതമായി എന്‍റെ ഫോണ്‍ കരഞ്ഞു തുടങ്ങി. ഫോണിലെ സ്ക്രീനില്‍ നോക്കിയപ്പോള്‍ ചേച്ചി...

"ദൈവമേ, പാലും അരിയും ഡിന്നറും എന്നെ കാത്തു വീട്ടില്‍ ഇരിപ്പുണ്ടല്ലോ," ഞാന്‍ ഓര്‍ത്തുപോയി. അതിനു മുമ്പുവരെ മറന്നുപോയതാ...

ഞാന്‍ ആലോചിച്ചു, ഇപ്പോള്‍ ഫോണ്‍ എടുത്താല്‍, ഞാന്‍ വീട്ടില്‍ എത്തിയിട്ടില്ല എന്ന് ചേച്ചിക്ക് മനസ്സിലാകും, ചേച്ചിക്ക് 'പറയാനുള്ളത്' മുഴുവന്‍ സെന്‍സര്‍ ചെയ്യാതെ ഞാന്‍ കേള്‍ക്കേണ്ടിയും വരും. പക്ഷെ അരമണിക്കൂറിനുള്ളില്‍ വീട്ടില്‍ പോയി ചേച്ചി പറഞ്ഞതൊക്കെ ഓരോന്നായി ചെയ്തു തീര്‍ക്കാവുന്നതെ ഉള്ളൂ. അതുകൊണ്ടു ഇപ്പോള്‍ ചേച്ചിയുടെ ഉറക്കം കളയാതിരിക്കാന്‍ ഭാവിയില്‍ സംഭവിക്കാവുന്ന നല്ല വാര്‍ത്തകള്‍ കൊടുക്കാം എന്ന് ഞാന്‍ തീരുമാനിച്ചു.

ഫോണിന്‍റെ കരച്ചില്‍ അടക്കിയിട്ടു, ചേച്ചിക്ക് ഒരു മെസ്സേജ് അയച്ചു. 
    "I'm on a call from office. Milk is boiled. Rice is in the grinder."

"ഹാവൂ സമാധാനമായി." നികേഷിനോട് പെട്ടെന്ന് തീര്‍ക്കാന്‍ പറഞ്ഞിട്ട് ഞാനും എന്‍റെ ഫുഡ്‌ തീര്‍ക്കുന്ന ശ്രമത്തിനിടയില്‍ അതാ വരുന്നു ചേച്ചിയുടെ മെസ്സേജ്. 

"Good. But How did you get into the home? Both the keys are with us now."

ദൈവമേ... വീടിന്‍റെ താക്കോല്‍ ഇല്ല. രണ്ടു താക്കോലും അവരുടെ കയ്യിലാണത്രെ. ഞാന്‍ ഇനി എന്ത് ചെയ്യും? ഇട്ടിരിക്കുന്ന ഡ്രെസ്സും എന്‍റെ ജീവിതസഖികളായായ ലാപ്ടോപ്, ഡെബിറ്റ് കാര്‍ഡ്‌, ക്രെഡിറ്റ്‌ കാര്‍ഡ്‌ എന്നിവയും കാറും ഒഴികെ എന്‍റെ കയ്യില്‍ ഒന്നും ഇല്ല. 'എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്തവനെ പോലെ' എന്ന് ജയറാമിന്‍റെ സിനിമകളില്‍ കേട്ടതിന്‍റെ അര്‍ഥം എനിക്ക് മനസ്സിലായത്‌ അന്നാണ്.

ദുഃഖം, സങ്കടം, നിരാശ, കുറ്റബോധം എന്നീ ഭാവങ്ങള്‍ മനസ്സില്‍ ഒരുമിച്ചു കൈകൊട്ടിക്കളി നടത്തിയ സമയം. ഇനി വേറെ വഴിയില്ല. ചേച്ചിയെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു, ഞാന്‍ എവിടെ എന്ത് ചെയ്യുകയാണെന്ന് വള്ളി പുള്ളി തെറ്റാതെ... ചേച്ചിക്ക് എന്‍റെ സുഹൃത്തുക്കളെ എല്ലാവരെയും അറിയാവുന്നതുകൊണ്ടു കൂടുതല്‍ വിവരിക്കേണ്ടി വന്നില്ല. ചേച്ചിയുടെ മറുപടി ഒറ്റവാക്കില്‍,"കൊള്ളാം!!!"

ഞാന്‍: "ഇനി ഇപ്പോള്‍ എന്താ ചെയ്യാ?"
ചേച്ചി: "ഇപ്പോള്‍ നീ റെജിയുടെ വീട്ടിലേക്ക് പൊക്കോളൂ, ഞാന്‍ അവരോടു വിളിച്ചു പറഞ്ഞോളാം. നാളെ രാവിലെ ഒരു കീ മേയ്ക്കറിനെ കൊണ്ട് വാതില്‍ തുറപ്പിക്കാന്‍ നോക്കണം"

റെജി എന്നത് ചേച്ചിയുടെയും ചേട്ടന്‍റെയും ഒരു സുഹൃത്താണ്, മുകളിലത്തെ സമവാക്യത്താല്‍ എന്‍റെയും.

ഞാന്‍: "അതുവേണ്ട. ഞാന്‍ നികേഷിന്‍റെ വീട്ടിലേക്ക് പോകാം. നാളെ രാവിലെ ബാക്കി കാര്യങ്ങള്‍ ശരിയാക്കാം."
ചേച്ചി: "ശരി".

അന്ന് രാത്രി നികേഷിന്‍റെ വീട്ടില്‍ കിടന്നുറങ്ങി. രാവിലെ ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു താക്കോല്‍ നിര്‍മ്മാതാവിനെ തേടി നടക്കാന്‍ തുടങ്ങി. ഒടുവില്‍ ഒരാളെ കിട്ടി. അദ്ദേഹത്തെയും (ആരായാലും ബഹുമാനിച്ചു പോകും) കൂട്ടി വീട്ടിലെത്തി. അദ്ദേഹത്തിന്‍റെ കയ്യിലുള്ള താക്കോല്‍ക്കൂട്ടം കണ്ടപ്പോള്‍ ഞാന്‍ ശരിക്കുമോന്നു ഞെട്ടി. ഏതു പൂട്ടും തുറക്കാന്‍ പറ്റുന്ന താക്കോലുകള്‍, അതിലേറെ അദ്ദേഹത്തിന്‍റെ ആത്മവിശ്വാസവും പ്രവര്‍ത്തനപരിചയവും.

അദ്ദേഹം താക്കോലുകള്‍ ഒന്നൊന്നായി പരീക്ഷിച്ചു നോക്കി. കൂടെ ഞാനും. ഒന്നും അങ്ങ് ഏല്‍ക്കുന്നില്ല. 

"ലോക്ക് വെറും ലോക്ക് അല്ല ലിങ്ക് ലോക്ക് ആണ്. ഒറിജിനലിനു മാത്രമേ ഈ മണിച്ചിത്രത്താഴ് തുറക്കാന്‍ പറ്റുള്ളൂ" കീ മേയ്കര്‍ പറഞ്ഞു. മണിച്ചിത്രത്താഴ് എന്നത് എന്‍റെ ഒരു അതിശയോക്തി ആണ്.

"ഇനി എന്താ ചെയ്യാ?" മനസ്സിന്‍റെ അകത്തട്ടില്‍ നിന്നും നിരാശയുടെ കൊടുമുടിയില്‍ എന്‍റെ ചോദ്യം.

"വഴിയുണ്ട്"

'കളി എന്നോടാ...' എന്ന് ചോദിച്ചു നില്‍ക്കുന്ന ലിങ്ക് ലോക്കിനു മുമ്പില്‍ താക്കോല്‍ നിര്‍മാതാവ് തന്‍റെ ആയുധങ്ങള്‍ നിരത്തി. ഒരുനിമിഷം ഞാന്‍ നമ്മുടെ പ്രശസ്തനായ പവനായിയെ ഓര്‍ത്തുപോയി. ലോക്കില്‍ ഒരു തുള ഉണ്ടാക്കി, പ്രത്യക ആങ്കിളില്‍ ഡിസൈന്‍ ചെയ്ത സൈക്കിള്‍ കമ്പി അതിന്‍റെ ഉള്ളില്‍ തിരുകി വച്ചിട്ട്, എന്നോട് ഒരു ചോദ്യം "എത്ര ലോക്ക് ഉണ്ട്?"

ഞാന്‍ "രണ്ട്."

രണ്ടേ രണ്ടു തിരി. ദേ വാതില്‍ തുറന്നു. ഹോ... കടുവയെ പിടിച്ച കിടുവ എന്ന് കേട്ടിട്ടുണ്ട്, പലതവണ, പലവട്ടം. പക്ഷെ കണ്ടത് ഇപ്പോഴാണെന്നു മാത്രം. അവര്‍ക്ക് ഒരു പൂട്ട്‌ തുറക്കാന്‍ താക്കോല്‍ വേണ്ട. വെറും ഒരു കമ്പി മതി. എന്‍റെ മുഖത്തെ അത്ഭുതം കണ്ടിട്ട്, എരിതീയില്‍ എണ്ണയെന്ന പോലെ അദ്ദേഹം പറഞ്ഞു. "ഇരുപതു വര്‍ഷത്തെ പ്രവര്‍ത്തന പരിചയമാ."

ഞാന്‍: "അപ്പോള്‍ നിങ്ങള്‍ക്ക് ഏതു പൂട്ടും എപ്പോവേണമെങ്കിലും തുറക്കാലോ? അതായത് ഞാന്‍ ഇല്ലാത്ത നേരത്ത് ഇവിടെ വന്നു വാതില്‍ തുറന്നു എല്ലാം അടിച്ചുമാറ്റി പോകാമല്ലോ?" 

വളരെ നയതന്ത്രപരമായ രീതിയിലായിരുന്നു ഞാന്‍ ചോദിച്ചത്. തന്നെ എങ്ങനെ വിശ്വസിക്കും എന്നാണാ ചോദ്യത്തിന്‍റെ അര്‍ഥം എന്ന് മനസ്സിലാക്കിയ അദ്ദേഹം പറഞ്ഞു. "ഇത് എന്‍റെ ജോലിയാണ്, എന്‍റെ കുടുംബത്തിന്‍റെ ഭക്ഷണവും. ഞാന്‍ ഇതിനെ ചതിക്കാന്‍ പാടില്ല, ചതിച്ചാല്‍ ഇത് എന്നെ ചതിക്കും."

പ്രൊഫഷണല്‍ എത്തിക്സിനെ കുറിച്ച് പലരും വാതോരാതെ പ്രസംഗിച്ചത് പലതവണ കേട്ടിട്ടും, ഇതെന്താണെന്നു പറയുന്ന അവര്‍ക്കോ കേള്‍ക്കുന്ന എനിക്കോ മനസ്സിലായിരുന്നില്ല. ആരോടെങ്കിലും പ്രൊഫഷണല്‍ എത്തിക്സ് എന്താണെന്ന് ചോദിച്ചാല്‍, ഒരു മണിക്കൂര്‍ കത്തിയും 15 പേജ് ഉള്ള ഒരു അവതരണപ്പടിയും മലവെള്ളം പോലെ ഒഴുകിവന്ന്, ഒടുവില്‍ ഒന്നും മനസ്സിലാകാതെ എല്ലാം മനസ്സിലായി എന്ന ഭാവത്തില്‍ നടന്നിരുന്ന എന്‍റെ മുമ്പില്‍ ഉത്തരം ഒറ്റ വാക്യത്തില്‍ "സ്വന്തം ഭക്ഷണത്തെ ചതിക്കരുത്".

പറഞ്ഞതിലും അമ്പതുരൂപ അധികം കൊടുത്തു അദ്ദേഹത്തെ പറഞ്ഞു വിട്ടു, അല്ല യാത്രയാക്കി. അപ്പോഴേക്കും സമയം 1:00pm. വീടിനു വേറെ വാതില്‍ ഉള്ളതുകൊണ്ടും അതിന്‍റെ താക്കോല്‍ വീടിനകത്ത് തന്നെ ഉള്ളതുകൊണ്ടും  എന്‍റെ ജീവിതം തടസ്സങ്ങളില്ലാതെ മുമ്പോട്ടു പോകാന്‍ തുടങ്ങി. പാലും ഡിന്നറും  ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലായി കഴിഞ്ഞിരുന്നു. അരി അപ്പോള്‍ തന്നെ അരച്ചു വച്ചു, കൂടെ ഒരു സത്യവും മനസ്സിലായി, അരി അരയ്ക്കാന്‍ സമയപരിധി ഇല്ല എന്ന സത്യം.

ചില ചിത്രകഥകളിലെ പോലെ, അതിനു ശേഷം ഞാന്‍ താക്കൊലെടുക്കാന്‍ മറക്കാറില്ല എന്ന് കരുതുന്നവര്‍ക്ക് തെറ്റി. ഇതൊരു തുടക്കം മാത്രമായി ഞാന്‍ കാണാന്‍ തുടങ്ങി.

12 comments:

  1. Good start...good read...keep blogging...

    ReplyDelete
  2. Ishtapettu ...iniyum poratee:)

    ReplyDelete
  3. Nee oru Kalakarana
    Nammude Keralathinte adutha takayi

    ReplyDelete
  4. Wow!!!!!!!!!kollam kto........all the best...

    ReplyDelete
  5. വളരെ നന്നായിരിക്കുന്നു... ഇനിയും എഴുതൂ...

    പിന്നെ കുറച്ചു സംശയം... " വേറെ ആരെയും കിട്ടിയില്ലെങ്കില്‍ മാത്രമേ, ഈ രണ്ടു വിഷയങ്ങളിലും എന്നെ അവര്‍ വിളിക്കൂ " എന്ന് പറഞ്ഞതിന്റെ പൊരുള്‍ എന്താണ്?

    1. വിളിച്ചാല്‍ പിന്നെ അവര്‍ക്ക് ഒന്നും കിട്ടില്ല.

    2. ഹോ ബ്ലോഗ്‌ ഒക്കെ ആവുമ്പോള്‍ എല്ലാരും കാണില്ലേ, എല്ലാരും അറിയില്ലേ, അത് കൊണ്ട് ഞാന്‍ നല്ല കുട്ടി എന്ന് തന്നെ എഴുതാം.

    എന്നാണോ? അല്ല ചുമ്മാ ചോദിച്ചെന്നെ ഉള്ളൂ... ;)

    "സ്വന്തം ഭക്ഷണത്തെ ചതിക്കരുത്" -- ഇത് നന്നായി അറിയുന്നകൊണ്ടാനെനെല്ലോ "പ്ലേറ്റും നിറച്ചുകൊണ്ടും ഒഴിഞ്ഞുകൊണ്ടും" ഇരുന്നത് , ല്ലേ... :D

    ഇനിയും ഇതേ പോലുള്ള എഴുത്തുകുത്തുകള്‍ പ്രതീക്ഷിക്കുന്നു..

    ReplyDelete
  6. എല്ലാവര്‍ക്കും എന്‍റെ നന്ദി.

    കല്ല്യാണിക്കുട്ടിക്ക്‌,

    ആദ്യമായി അഭിനന്ദനങ്ങള്‍ക്ക് നന്ദി പറയട്ടെ.

    കല്ല്യാണിക്കുട്ടിയുടെ സംശയങ്ങള്‍, അത് ആര്‍ക്കും തോന്നാവുന്ന സംശയങ്ങളാണ്, എന്‍റെ സുഹൃത്തുക്കള്‍ക്ക് ഒഴികെ. അതുകൊണ്ടാണ് ഈ രണ്ടു വിഷയങ്ങളില്‍, ആരെയും കിട്ടിയില്ലെങ്കില്‍ മാത്രം അവരെന്നെ വിളിക്കുന്നത്‌. അതിന്‍റെ കാരണം കൃത്യമായി അറിയണമെങ്കില്‍ രണ്ടു വഴിയുണ്ട്. ഒന്നുകില്‍ എന്‍റെ സുഹൃത്താകുക, ആരെയും കിട്ടിയില്ലെങ്കില്‍ മാത്രം എന്നെ വിളിക്കുക, ഇല്ലെങ്കില്‍ എന്‍റെ സുഹൃത്തുക്കളോട് ചോദിക്കുക.

    വീട്ടിലുള്ള സ്വന്തം ഭക്ഷണം, അത് വീട്ടില്‍ പോയി ഫ്രിഡ്ജില്‍ വച്ച്, കാലത്ത് കഴിക്കാവുന്നതേ ഉള്ളൂ. പക്ഷേ വീട് തുറക്കാന്‍ പറ്റിയില്ലല്ലോ.

    ഹൃദയപൂര്‍വം,
    രോഹിത്.

    ReplyDelete
  7. Rohithettaaa....Kalakky tto...Superb!!

    ReplyDelete
  8. kollaam...ninakku bhaaviyundu.ente koode script cheyyaan koodunno...?ayyada ingu vannaalum mathi...iniyum postukal xpect cheyyunnu....hahahahahah

    ReplyDelete