Thursday, July 14, 2022

തൻ്റെ വീട്

"അച്ഛാ... തൻ്റെ വീട്..." 

ഇൻഫോപാർക്ക് ജംഗ്ഷനിൽ നിന്ന് കാക്കനാട് പോകുന്ന വഴി കുസുമഗിരിയിലെ ട്രാഫിക് ബ്ലോക്കിലൂടെ ഇടം-വലം നോക്കാതെ കാറിനെ ഇഴഞ്ഞു നീക്കുന്ന എന്നോട്, റോഡിൻ്റെ വലതുഭാഗത്തേക്കു കൈ ചൂണ്ടി, മൂന്നു വയസ്സുള്ള എൻ്റെ മോൻ - രൺജയ് - ആവേശത്തോടെ പറയുവാ "അച്ഛാ... തൻ്റെ വീട്...". 

ട്രാഫിക് ബ്ലോക്കിൽ മെല്ലെ വണ്ടി നീക്കുന്നതുകൊണ്ട് എനിക്ക് വലത്തോട്ട് നോക്കാനും പറ്റില്ല. പിന്നെ, അവിടെ വീടുകൾ ഒന്നും ഇല്ലെന്നും, കുറേ കടകൾ മാത്രമാണ് ഉള്ളതെന്നും എനിക്ക് അറിയാവുന്നതുമാണ്. പിന്നെ ഇവൻ എന്ത് കണ്ടിട്ടാ "തൻ്റെ വീട്" ന്നു പറയുന്നേ. ഇനി ഞാൻ അറിയാതെ ഞാൻ വല്ല വീടും വാങ്ങിച്ചോ!!! 

മനസ്സിൽ ഓടിയെത്തിയ മറ്റൊരു ചിന്ത എന്താന്നു വച്ചാൽ, ഞങ്ങൾ ആരും തന്നെ "തൻ്റെ" എന്ന വാക്കു സംഭാഷണത്തിൽ ഉപയോഗിക്കാറില്ല, നിൻ്റെ, നിങ്ങളുടെ, <പേര്> ൻ്റെ/ടെ ഇങ്ങനെ ഒക്കെ ആണ് പറയുന്നത്. അപ്പൊപിന്നെ, തൻ്റെ എന്ന വാക്ക്, ഇത്രയും ലളിതമായി ഉപയോഗിക്കാൻ രൺജയ്ക്കു എവിടുന്നു കിട്ടി!!!  

രൺജയ് എന്തെങ്കിലും എന്നോട് പറഞ്ഞാൽ, ഞാൻ അതുതന്നെ തിരിച്ചു പറയുന്നതും കാത്ത് എൻ്റെ മുഖത്ത് നോക്കി  ഇരിക്കും. അതായത്, അവൻ ചന്ദ്രിക സോപ്പ് എടുത്ത് "ചന്ദ്രിക സോപ്പ്" എന്ന്  എന്നോട് പറഞ്ഞാൽ ഞാൻ അത് തിരിച്ചു പറയണം; അതുവരെ മറുപടിയും പ്രതീക്ഷിച്ചു എൻ്റെ  മുഖത്തേക്ക് നോക്കി നിൽപ്പുണ്ടാകും. തിരിഞ്ഞു നോക്കാൻ പറ്റിയില്ലെങ്കിലും "തൻ്റെ വീട്" നു മറുപടി പ്രതീക്ഷിച്ചിരിക്കുന്ന ആ മുഖവും മനസ്സിൽ വന്നു.

ഒരു നിമിഷം കൊണ്ട് ഇത്രയും ചിന്തിച്ചു, ട്രാഫിക് ബ്ലോക്കിലൂടെ ഇഴയുമ്പോഴേക്കും ദാ വരുന്നു അടുത്തത്, അത്യാവേശത്തോടെ  "അച്ഛൻ ബൈക്ക് തൻ്റെ  വീട്  ക് ദ്  ക് ദ്  ക് ദ്  ക് ദ്" 

ഇത് കേട്ടപ്പോൾ അവൻ പറഞ്ഞത് ഞാൻ ഒന്ന് പറഞ്ഞു നോക്കി. ഒന്നാലോചിച്ചിട്ടു ഒന്നുകൂടെ പറഞ്ഞുനോക്കിയപ്പോൾ കാര്യം പിടികിട്ടി. 

ഞാൻ അവനോടു പറഞ്ഞു, "രൺജയ് ഡാ... 'തൻ്റെ വീട്' അല്ല, 'തണ്ടർ ബേർഡ്', അച്ഛൻ്റെ ബൈക്കിൻ്റെ പേര് 'തണ്ടർ ബേർഡ്' ആണ്" അതും പറഞ്ഞു ഈ തണ്ടറും ബേർഡും അവനെ കൊണ്ട് കുറച്ചു പ്രാവശ്യം പറയിപ്പിച്ചു. ബൈക്കിൻ്റെയും കാറിൻ്റെയും പേര് ഞാൻ അവനു മുന്നേ പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നു, ഒരു അവസരം കിട്ടി  തിരിച്ചു പറഞ്ഞപ്പോൾ ഇത്തിരി ആൾട്ടറേഷൻ സംഭവിച്ചുപോയി, അത്രയേ ഉള്ളു. 

പിന്നീട് ആണ് റോഡിൻ്റെ സൈഡിൽ നോക്കി അവൻ "തൻ്റെ വീട്" എന്ന് പറഞ്ഞതിൻ്റെ കാര്യം മനസ്സിലായത്.  അവിടെ "റോയൽ എൻഫീൽഡ്" ൻ്റെ പുതിയ ഷോറൂം തുടങ്ങിയിട്ടുണ്ടായിരുന്നു. ബൈക്കിൻ്റെ മുകളിൽ എഴുതിയ "ROYAL ENFIELD" അവൻ മനസ്സിലാക്കിയിരിക്കുന്നത് ഞാൻ പറഞ്ഞു പഠിപ്പിച്ച തണ്ടർ ബേർഡ് ആണ് അഥവാ ആയിരിക്കണം. അതേ "ROYAL ENFIELD" ഷോറൂമിൻ്റെ മുന്നിൽ വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതിയത് കണ്ടപ്പോൾ പറഞ്ഞതാണ് "തണ്ടർ ബേർഡ്" അഥവാ "തൻ്റെ വീട്".       

എഴുതാനും വായിക്കാനും പഠിക്കാത്ത ഈ മൂന്നു വയസ്സുകാരൻ, ബൈക്കിൻ്റെ മുകളിൽ എഴുതിയിരിക്കുന്നതിനെ ഒരു ചിത്രമാക്കി, അതിനു ഒരു പേരും കൊടുത്തു, മനസ്സിൽ പകർത്തി,  അതേ ചിത്രം വേറെ ഒരു സ്ഥലത്തു കാണുമ്പോൾ, മനസ്സിൽ കൊടുത്തിരുന്ന ആ പേര് പറഞ്ഞത് കണ്ടപ്പോൾ,  ലിപികൾ കണ്ടുപിടിക്കുന്നതിനു മുൻപ്, മനുഷ്യൻ ആശയങ്ങൾ രേഖപ്പെടുത്തിയിരുന്നത് ചിത്രങ്ങളിലൂടെ ആണെന്ന് മുമ്പ് സ്കൂളിൽ പഠിച്ചത് ഞാൻ ഓർത്തുപോയി. അത് പരിണമിച്ചിട്ടാണല്ലോ, ലോഗോ ഉണ്ടായതും, M എന്ന് വ്യത്യസ്ത രീതിയിൽ എഴുതുമ്പോൾ അത് മഹിന്ദ്ര ആണോ മക്‌ഡൊണാൾഡ്‌സ് ആണോ എന്ന് നമ്മൾ പറയുന്നതും.

പറഞ്ഞു നിർത്തുമ്പോൾ ഇത് മാത്രമല്ല, രൺജയ്ക്ക് V-Guard, കങ്കാരൂ ആണ്, ബ്രോ ഡാഡി പോസ്റ്റർ, കാണാക്കുയിൽ ആണ്, ഭീഷ്മപർവ്വം പോസ്റ്റർ, കാറിൽ വെക്കുന്ന പാട്ട് (രതിപുഷ്പം) ആണ്; അങ്ങനെ എന്തൊക്കെയോ എന്തെല്ലാമോ ആണ്.