Saturday, May 14, 2011

അങ്ങനെ ഒരു പ്രണയദിനത്തില്‍...

ഫെബ്രുവരി 14 - പ്രണയദിനം. പ്രണയിക്കുന്നവരുടെ ദിനം. കാമുകീകാമുകന്മാര്‍ സമ്മാനങ്ങള്‍ മറക്കാതെ കൈമാറുന്ന ദിനം. കാമുകി ഇല്ലാത്തവന്‍ മനോഹരമായ സമ്മാനങ്ങളെ കൈയ്യിലെടുത്തു, 'എനിക്കൊരു കാമുകി ഉണ്ടായിരുന്നെങ്കില്‍ ഇത് വാങ്ങിച്ചുകൊടുക്കാമായിരുന്നു' എന്ന് മനസ്സില്‍ മാത്രം ആശ്വസിച്ചു, അത് കിട്ടിയ സ്ഥലത്ത് തന്നെ വച്ച് വെറുതെ ചുറ്റിക്കറങ്ങുന്ന ദിനം. അന്നെത്തെ ദിവസമെങ്ങാന്‍ അവധി എടുത്തുപോയിട്ടുണ്ടെങ്കില്‍, പിറ്റേ ദിവസം 'ഇന്നലെ എവിടെയായിരുന്നു?' എന്ന സഹപ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്തു മറുപടി കൊടുത്താലും വിശ്വസിപ്പിക്കാന്‍ പറ്റാത്ത ദിവസം. എളുപ്പമുള്ള ഒരെയോരുത്തരം; ഒരു വിടര്‍ന്ന പുഞ്ചിരി, കൂടെ ഒരു കണ്ണുമാത്രം ഒന്ന് അടച്ചു തുറക്കുക. അത് കിട്ടുമ്പോള്‍ അവര്‍ക്ക് ഉണ്ടാകുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കാവുന്നതല്ല. കൂടെ ഒരു ചോദ്യവും 'ഹാഡ് ഫണ്‍?'. അപ്പോള്‍ അതേ പുഞ്ചിരിയില്‍ രണ്ടുകണ്ണും ഒന്നടച്ചുതുറന്നാല്‍ അവരും ഹാപ്പി, നമ്മളും ഹാപ്പി. 

അങ്ങനെ ഒരു പ്രണയദിനം. മനസ്സില്‍ പ്രണയം ഉണ്ടെങ്കിലും പ്രണയിനി ഇല്ലാത്ത എന്‍റെ ആദ്യത്തെ 'പ്രണയദിനം'

പ്രണയദിനത്തിന്‍റെ ഓര്‍മകളെ കുറിച്ച് ചോദിച്ചാല്‍ 'യു നോ, ഈ പ്രണയദിനം എന്ന് പറയുന്നത് കുട്ടിക്കാലത്തെ എന്‍റെ ഏറ്റവും പ്രിയപ്പെട്ട ദിനമാണ്' എന്ന് പറയാന്‍ എനിക്ക് അങ്ങനെ പ്രത്യേകിച്ച് ഓര്‍മ്മകളൊന്നും തന്നെ ഇല്ല. സത്യം പറഞ്ഞാല്‍ ഫെബ്രുവരി 14,  മറ്റു ദിവസങ്ങളെ പോലെ ഒരു സാധാരണ ദിവസം മാത്രമാണ് എനിക്ക് (ഇന്നുവരെ!!). കലാലയ ജീവിതത്തിലും ഒരു പ്രണയദിനപരിപാടിയും ഉണ്ടായിരുന്നതായി ഞാന്‍ ഓര്‍ക്കുന്നില്ല (സമരം ചെയ്യാന്‍ തന്നെ നേരം ഇല്ല, പിന്നെയാ പ്രണയദിനം). 

ഈ സംഭവം നടക്കുന്നത് രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. കൃത്യമായി പറഞ്ഞാല്‍ 2009 ഫെബ്രുവരി 14. എന്‍റെ ആദ്യത്തെ അറിയാതെ അറിഞ്ഞുകൊണ്ടുള്ള ഒരു പ്രണയദിനം. സിനിമയ്ക്കും കള്ളിനും കൂട്ടായി വിളിക്കുന്ന സുഹൃത്തുക്കളെ ഞാന്‍ നിരാശപ്പെടുത്താറില്ലെന്നു ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ടായിരുന്നല്ലോ. അന്ന് വിളി കള്ളിനായിരുന്നെങ്ങില്‍ ഇത് സിനിമക്ക് ആയിരുന്നു. 

2009 ജനുവരിയില്‍ ആണെന്ന് തോന്നുന്നു, തെലുഗില്‍ 'അരുന്ധതി' എന്നപേരില്‍ പ്രേതങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരു സിനിമ ഇറങ്ങുന്നത്. വളരെ ജനശ്രദ്ധ ആകര്‍ഷിച്ച ഈ ചിത്രത്തെക്കുറിച്ചുള്ള വിവരണങ്ങള്‍ കേട്ടപ്പോള്‍ എന്‍റെ ഒരു സുഹൃത്ത്, പൂജയ്ക്ക് ഈ ചിത്രം കണ്ടേ മതിയാവൂ എന്നായി.പൂജ ഞാന്‍ ജോലിചെയ്യുന്ന ഓഫീസില്‍ ഞങ്ങളുടെ വകുപ്പിന് സമാന്തരമായുള്ള വേറൊരു വകുപ്പിലാണ് ജോലിചെയ്യുന്നത്. തന്‍റെ വകുപ്പില്‍ തെലുഗ് അറിയുന്നവരോ തെലുഗ് സിനിമകാണാന്‍ താത്പര്യം ഉള്ളവരോ ഇല്ലാത്തതിനാല്‍ അവള്‍ എന്‍റെ വകുപ്പിലെ കുറച്ചുപെരുമായി ഒത്തുചേര്‍ന്നു, ഈ സിനിമയ്ക്കു പോകാന്‍ പദ്ധതിയിട്ടു. എന്നാല്‍ ഈ പദ്ധതിയില്‍ അംഗങ്ങളായ എന്‍റെ വകുപ്പിലുള്ളവര്‍, ഒരുദിവസം തങ്ങള്‍ക്കു കിട്ടിയ ഒഴിവുസമയം ഈ സിനിമ കാണാനായി ഉപയോഗിച്ചു, പാവം പൂജയ്ക്ക് അതില്‍ ചേരാനായില്ല. അടുത്തതായി അവള്‍ കണ്ട ഒരേ ഒരാള്‍ ഈ ഞാന്‍ ആയിരുന്നു. അവള്‍ എന്നോട് ചോദിച്ചു, അല്ല, അപേക്ഷിച്ചു. കുറേ ഒഴിവുകഴിവുകള്‍ പറഞ്ഞെങ്കിലും മറ്റുചിലരോട് കൂടെ പോകാന്‍ പറഞ്ഞു നോക്കിയെങ്കിലും ഒന്നും അങ്ങ് ഏറ്റില്ല. 

ഒടുവില്‍ ഞാന്‍ പോകാമെന്ന് സമ്മതിച്ചു. തൊട്ടടുത്ത ശനിയാഴ്ച 11 മണിയുടെ പടത്തിനു അവള്‍ ടിക്കറ്റ്‌ എടുക്കാമെന്നും സിനിമാകോട്ടയുടെ മുമ്പില്‍ കാത്തുനില്‍ക്കാം എന്നും പറഞ്ഞു അവള്‍ 'അരുന്ധതിക്കരാറില്‍' ഒപ്പുവച്ചു. കൂടെ സിനിമയ്ക്കു ശേഷം അവിടെ നിന്നും തന്നെ ഉച്ചഭക്ഷണവും കഴിക്കാമെന്ന് പറഞ്ഞു, തെലുഗ് പോയിട്ട് ദക്ഷിണേന്ത്യയിലെ ഒരു ഭാഷയും അറിയാത്ത, ഉത്തരേന്ത്യക്കാരിയായ  അവള്‍ക്കു കൂട്ടായി പോകാമെന്ന് തെലുഗിലെ അത്യാവശ്യം ചില വാക്കുകള്‍ മാത്രം അറിയാവുന്ന ഞാനും ഒപ്പുവച്ചു. മൂക്കില്ലാരാജ്യത്ത് മുറിമൂക്കാണല്ലോ രാജാവ്.

ഭാഗ്യമെന്നോ നിര്‍ഭഗ്യമെന്നോ പറയട്ടെ ആ ശനിയാഴ്ച ഫെബ്രുവരി 14 ആയിരുന്നു. അഥവാ ഫെബ്രുവരി 14 ആയിരുന്നു ആ ശനിയാഴ്ച. പൂജയ്ക്ക് സ്വന്തമായി ഒരു കാമുകന്‍ ഇല്ലാത്തതിനാല്‍ ഫെബ്രുവരി 14 അവള്‍ക്കു എന്നെപോലെ തന്നെ ഒരു സാധാരണ ദിവസം ആയിരുന്നു (ഇന്ന് അവള്‍ക്കു അങ്ങനെയല്ല). അവള്‍ പറഞ്ഞതുപോലെ സിനിമക്കൊട്ടയിലെത്തി ടിക്കെറ്റും എടുത്തു എന്നെ കാത്തു നില്ക്കാന്‍ തുടങ്ങി. രാവിലെ എഴുന്നേല്‍ക്കാന്‍ ഇത്തിരി വൈകിയതു കൊണ്ട്, ഹൈദരാബാദിലെ തിരേക്കേറിയ വീഥികളിലൂടെ വന്നപ്പോഴേക്കും ഞാന്‍ പത്തുമിനുട്ട് വൈകിപ്പോയി. പിന്നീട് നാലാമത്തെ നിലയിലുള്ളസിനിമക്കോട്ടയുടെ ഉള്ളിലെത്താനുള്ള ഒരു ഓട്ടം ആയിരുന്നു. പ്രണയിതാക്കളെ സ്വീകരിക്കാന്‍ അലങ്കരിച്ചതൊന്നും തന്നെ ശ്രദ്ധിക്കാന്‍ പറ്റിയില്ല. അതോകൊണ്ടുതന്നെ അപ്പോഴും അതൊരു പ്രണയദിനം ആണെന്ന് ഞാന്‍ അറിഞ്ഞില്ല.

ഞങ്ങള്‍ കയറുമ്പോഴേക്കും സിനിമ തുടങ്ങിക്കഴിഞ്ഞിരുന്നു. ശബ്ദനിയന്ത്രണത്തിലെ സാങ്കേതികത്വം അല്ലാതെ എനിക്ക് ആ സിനിമ ഒരു വലിയ സംഭവമായിട്ടൊന്നും തോന്നിയില്ല. മലയാളത്തിലെ കണക്കില്ലാത്ത പ്രേത ചിത്രങ്ങള്‍ കണ്ട എനിക്ക് തുടക്കത്തില്‍ തന്നെ കഥയുടെ ഗതി ഊഹിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പൂജയ്ക്ക് നേരെ തിരിച്ചാണ്. ഒരു ചെറിയ കുട്ടി പ്രേത സിനിമ കാണുന്നതുപോലെയായിരുന്നു അവള്‍ കണ്ടു കൊണ്ടിരുന്നത്. ചില രംഗങ്ങളില്‍ കണ്ണുപോത്തിയും പിന്നെ വിരലുകള്‍ക്കിടയിലൂടെ നോക്കിയും, അങ്ങനെ ഒരു പ്രേതചിത്രവീക്ഷകയുടെ എല്ലാ മാനുഷികഭാവങ്ങളും പ്രകടിപ്പിച്ചുകൊണ്ടായിരുന്നു അവള്‍ കണ്ടുകൊണ്ടിരുന്നത്‌. 

സിനിമ കഴിഞ്ഞു താഴെ വന്നു ഭക്ഷണം കഴിക്കാന്‍ റെസ്റ്റോറെന്റില്‍ കയറുമ്പോഴാണ് അന്ന് പ്രണയദിനം ആണെന്ന് ഞാന്‍ മനസ്സിലാക്കുന്നത്. അത്രയ്ക്കും മനോഹരമായാണ് അവിടെ അലങ്കരിച്ചിരിക്കുന്നത്. എല്ലാം കൊണ്ടും പ്രണയദിനം ആഘോഷിക്കുന്ന ഇണ പ്രാവുകളെ സ്വാഗതം ചെയ്യുകയാണ് അവിടെ ഭക്ഷണം വിതരണം ചെയ്യുന്ന ചേച്ചിമാര്‍. (ആദ്യമായിട്ടാണ് അവിടെ പോകുന്നത്, എന്നും അവിടെ ചേച്ചിമാരാണോ ഭക്ഷണ വിതരണം നടത്തുന്നതെന്ന് അറിയില്ല).

സംഗതിയുടെ കിടപ്പുവശവും അവിടത്തെ ഒരു ചേച്ചിയുടെ പ്രത്യക 'വെല്‍ക്കം സര്‍', 'വെല്‍ക്കം മാഡം' കേട്ടപ്പോള്‍ തന്നെ ഒരുകാര്യം എനിക്ക് മനസ്സിലായി, ആ ചേച്ചി വിചാരിച്ചിരിക്കുന്നത് ഞങ്ങളും പ്രണയദിനം ആഘോഷിക്കുകയാണെന്ന്. പൂജ ഇതൊന്നും ശ്രദ്ധിച്ചില്ല. പ്രാതല്‍ പോലും കഴിക്കാതെ വന്ന അവള്‍ക്കു അത്രമാത്രം വിശക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ ആവശ്യമുള്ള സാധനങ്ങള്‍ വിതരണ ചേച്ചിയോട് പറഞ്ഞു, അവര്‍ അതുകൊണ്ടുവരാന്‍ പോയതിനിടക്കാണ് പൂജയ്ക്ക് ഓര്‍മ്മവന്നത്, അന്ന് പ്രണയദിനമാണെന്ന്. പിന്നീട് ഞങ്ങള്‍ അവിടെയുള്ളതും ഓഫീസില്‍ ഉള്ളതുമായ ഓരോരോ പ്രണയജോഡികളെക്കുറിച്ച് വെറുതെ സംസാരിക്കാന്‍ തുടങ്ങി. കൂടാതെ പുറത്തു, പെണ്‍കുട്ടികളെ നോക്കി 'ഞങ്ങളൊക്കെ ഇവിടെ ഉണ്ടേ..' എന്ന് പറയാതെ പറഞ്ഞുനടക്കുന്ന, അധികം വെളിച്ചമില്ലാത്ത സ്ഥലത്തും കൂളിംഗ്‌ ഗ്ലാസ്‌ വച്ചുനടക്കുന്ന, ഇവനൊന്നും ചോദിക്കാനും പറയാനും ആരും ഇല്ലേ എന്ന് ചോദിച്ചുപോകുന്ന രീതിയില്‍ വസ്ത്രധാരണം ചെയ്തുനടക്കുന്ന ആണ്‍കുട്ടികളെക്കുറിച്ചും, കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളെക്കുറിച്ചും ചര്‍ച്ച ചെയ്തുകൊണ്ടിരുന്നു.

ഭക്ഷണം വന്നു. വിതരണ ചേച്ചിയോട് സംസാരിക്കുന്നതെല്ലാം പൂജയായിരുന്നു. വിതരണ ചേച്ചി സംസാരിക്കുന്നതോ ഒരു കിളിക്കൊഞ്ചല്‍ രീതിയിലും.

വിതരണ ചേച്ചി: "ഹിയര്‍ ഈസ്‌ യുവര്‍ ഡിഷസ് മാഡം."  
പൂജ: "താങ്ക്യൂ..."
വിതരണ ചേച്ചി:"വുഡ് യു ലൈക്‌ എനിതിംഗ് എല്‍സ് മാഡം?"
പൂജ: (എന്‍റെ മുഖത്ത് നോക്കി, പിന്നെ അവരെ നോക്കികൊണ്ട്‌)" ഐ തിങ്ക്‌ വി ആര്‍ ഗുഡ്."
വിതരണ ചേച്ചി: "ഓക്കേ, എന്‍ജോയ് യുവര്‍ മീല്‍സ് മാഡം."
പൂജ: "താങ്ക്യൂ."

ഇങ്ങോട്ട് ചോദിക്കുന്ന അതേ രീതിയില്‍, അതേ ടോണില്‍ അങ്ങോട്ട്‌ മറുപടികൊടുക്കാന്‍ പൂജയ്ക്കുള്ള കഴിവ് വിവരണാതീതമാണ്. 

അതുകഴിഞ്ഞ് പൂജ എന്നോടൊരു ചോദ്യം "അവളെന്തിനാ ഇങ്ങനെ കൊഞ്ചുന്നത്?" ഈ ചോദ്യത്തിനുത്തരം ഞാന്‍ ഒരു ചെറുപുഞ്ചിരിയില്‍ ഒതുക്കി. ഒരുകാര്യം എനിക്ക് മനസ്സിലായി, ഞങ്ങള്‍ ആ വിതരണ ചേച്ചിയുടെ മുമ്പില്‍ ലവ് ബേര്‍ഡ്സ് ആണെന്ന് പൂജയ്ക്ക് മനസ്സിലായിട്ടില്ല. ഞാന്‍ ഒട്ടു പറഞ്ഞതുമില്ല. അത് അപ്പോള്‍ പറയേണ്ട ആവശ്യമുള്ളതായി എനിക്ക് തോന്നിയില്ല.

നേരെത്തെ, അല്‍പ്പസമയത്തെ ഇടവേളയില്‍ വച്ചിരുന്ന ചര്‍ച്ച ഞങ്ങള്‍ തുടര്‍ന്നു. എനിക്കറിയാവുന്ന ആളുകളുടെ എനിക്കറിയാത്ത പല പല രസകരമായ കഥകളും അവള്‍ എനിക്ക് പറഞ്ഞുതന്നു. അങ്ങനെ കഥകള്‍ ഓരോന്നായി വരുന്നതിനിടയില്‍ ഞങ്ങള്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞു. വിതരണ ചേച്ചി പ്ലേറ്റ് എടുക്കാന്‍ വരുമ്പോള്‍, ഇവിടെ ഒരു കഥ പാതിവഴിയില്‍ നില്‍ക്കുകയായിരുന്നു. അത് മുഴുവനാക്കാന്‍ കുറച്ചു സമയം വേണ്ടതുകൊണ്ട് പൂജ വിതരണ ചേച്ചിയോട് ചോദിച്ചു 

"കാന്‍ വി സിറ്റ് ഹിയര്‍ ഫോര്‍ സം മോര്‍ ടൈം പ്ലീസ്‌?"
വിതരണ ചേച്ചി: "ഓ ഷുവര്‍... നോ പ്രോബ്ലം... യുവര്‍ പ്ലെഷര്‍.."
പൂജ: "താങ്ക്യൂ സോ മച്ച്..."

ഈ ഒരു സമയത്ത് ഇങ്ങനെയൊരു ചോദ്യം പൂജയില്‍ നിന്നും ഞാന്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങള്‍ ഇവിടെ കുറച്ചു സമയം കൂടെ ഇരുന്നോട്ടെ എന്ന്. കാര്യങ്ങള്‍ കൈയ്യില്‍ നിന്നും പോകുന്ന ഒരു ചോദ്യമായിരുന്നു അത്.

വിതരണ ചേച്ചി പാത്രങ്ങള്‍ എടുത്തു അവിടെ നിന്നും പോയി. പൂജ കഥ തുടര്‍ന്നു. എനിക്കാണെങ്കില്‍ നിഷ്കളങ്കമായ ആ ചോദ്യം ഓര്‍ത്തിട്ടു ചിരി അടക്കാനും കഴിയുന്നില്ല. ഞാന്‍ ചിരിക്കുന്നത് കണ്ടപ്പോള്‍ പൂജ ചോദിച്ചു.
"വാട്ട്‌ ഹാപ്പെണ്ട്?"

(ഞങ്ങള്‍ സംസാരിച്ചത് ഇംഗ്ലീഷില്‍ ആണെങ്കിലും, ചിലതൊക്കെ ഞാന്‍ മലയാളത്തിലേക്ക് മാറ്റുന്നു.)
ഞാന്‍: "യു നോ പൂജ... ആ വിതരണ ചേച്ചി വിചാരിച്ചിരിക്കുന്നത് നമ്മളും മറ്റുള്ളവരെപോലെ ഇണക്കുരുവികളാണെന്നാണ്."

പൂജ (ഞെട്ടലോടെ): "വാട്ട്‌??"

ഞാന്‍: "യെസ്."

പൂജ: "ഹൌ ഡു യു നോ ഇറ്റ്‌?"

ഞാന്‍: "പ്രണയിതാക്കളെ വരവേല്‍ക്കുന്ന, പ്രണയിക്കുന്നവര്‍ മാത്രമുള്ള ഈ സ്ഥലത്ത് നമ്മള്‍ രണ്ടുപേരും വന്നപ്പോള്‍ അവരു വിചാരിച്ചു, നമ്മളും പ്രണയ ജോഡികളാണെന്ന്. എനിക്ക് ആദ്യമേ ഒരു സംശയം ഉണ്ടായിരുന്നു. പക്ഷെ വിട്ടു കളഞ്ഞു. ഇതൊന്നും പോരാഞ്ഞിട്ട് നിന്‍റെ ഒരു ചോദ്യവും, (അവള്‍ ചോദിച്ച അതേ രീതിയില്‍) കാന്‍ വി സിറ്റ് ഹിയര്‍ ഫോര്‍ സം മോര്‍ ടൈം പ്ലീസ്‌."

പൂജ: "അതിനെന്താ കുഴപ്പം?"

ഞാന്‍: "ശരി, ഞാന്‍ പറയുന്ന പോലെ സങ്കല്‍പ്പിക്കുക. നമ്മള്‍ രണ്ടുപേരും പ്രണയത്തിലാണ്. ഇവിടുന്നു ഇറങ്ങിയാല്‍ നിനക്ക് നിന്‍റെ വീട്ടിലും എനിക്ക് എന്‍റെ വീട്ടിലും പോകണം, അതു കഴിഞ്ഞാല്‍ പിന്നെ എപ്പോഴാ തമ്മില്‍ കാണുകയുമില്ല. അങ്ങനെ ഒരു സാഹചര്യത്തില്‍, കുറച്ചു സമയം കൂടി ഒരുമിച്ചിരിക്കാന്‍ നീ ഇതുപോലെ ചോദിക്കില്ലേ?"

പൂജ: "അതു ശരിയാണ്. പക്ഷേ അവര്‍ ഇതുപോലെ വളഞ്ഞിട്ടൊക്കെ ചിന്തിക്കുമോ? ഐ ഡോണ്ട് തിങ്ക്‌ സോ. എനിക്ക് തോന്നുന്നത് ഇത് നിനക്ക് മാത്രം തോന്നിയതാണെന്നാണ്."

ഞാന്‍: "ഓക്കേ... നോ പ്രോബ്ലം..." എന്നും പറഞ്ഞു നാക്കെടുത്ത് വായിലേക്കിട്ടതും, അതാ വരുന്നു നമ്മുടെ വിതരണ ചേച്ചി, കൂടെ കയ്യില്‍ പ്രണയദിനത്തിന് വേണ്ടി പ്രത്യേകം തയാറാക്കിയ, പനിനീര്‍ പുഷ്പത്തിന്‍റെ മനോഹരമായ ചിത്രങ്ങളുള്ള ഒരു കടലാസും. 

വിതരണ ചേച്ചി: "സര്‍, കാന്‍ യു റൈറ്റ് സംതിംഗ് എബൌട്ട്‌ ലവ്?"

ഞാന്‍: "വാട്ട്‌?? കാന്‍ യു ടെല്‍ മോര്‍ എബൌട്ട്‌ ഇറ്റ്‌?"

വിതരണ ചേച്ചി: "സര്‍, സംതിംഗ് എബൌട്ട്‌ ലവ്... യുവര്‍ വിഷന്‍ എബൌട്ട്‌ ലവ്. യുവര്‍ കോണ്‍സെപ്റ്റ് എബൌട്ട്‌ ലവ്."

ഞാന്‍: "ഓ ഓക്കേ.. വാട്ട്‌ വില്‍ യു ഡു വിത്ത്‌ ദിസ്‌?"

വിതരണ ചേച്ചി (അവിടെയുള്ള ഒരു വലിയ ബോര്‍ഡ്‌ ചൂണ്ടിക്കാണിച്ചുകൊണ്ട്): "വി വില്‍ പോസ്റ്റ്‌ ഇറ്റ്‌ ദേര്‍. എവരിബഡി കാന്‍ റീഡ് ഇറ്റ്‌."
ഞാന്‍: "ഓഹോ... ഓക്കേ.. ഗിവ് മി സം ടൈം പ്ലീസ്‌, ഐ നീഡ്‌ ടു തിങ്ക്‌."

വിതരണ ചേച്ചി: "ഷുവര്‍ സര്‍.. ടേക്ക് യുവര്‍ ടൈം." എന്നും പറഞ്ഞു അവര്‍ കടലാസും തന്നിട്ട് പോയി. ഞാന്‍ പൂജയുടെ മുഖത്തുനോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു.

ഞാന്‍: "ഇപ്പൊ എങ്ങനെ... ഭവതിക്കു കാര്യങ്ങള്‍ മുഴുവനായി മനസ്സിലായി എന്ന് വിശ്വസിക്കുന്നു. ഇനി പറയു, ഇതില്‍ എന്താ എഴുതേണ്ടത്?"

പൂജ: "നതിംഗ്.. ദിസ്‌ ഈസ്‌ റിഡികുലസ്..." എന്നും പറഞ്ഞു അവള്‍ വിതരണ ചേച്ചിയെ വിളിച്ചു. "എക്സ്ക്യുസ് മീ..."

വിതരണ ചേച്ചി വന്നു: "യെസ് മാഡം..."

പൂജ: "സീ... വി ആര്‍ നോട്ട് ലവേര്‍സ്... വി ആര്‍ ജസ്റ്റ്‌ ഫ്രണ്ട്സ്"

വിതരണ ചേച്ചി: "നോ പ്രോബ്ലം മാഡം."

ഭ്രാന്തുള്ളവര്‍, തനിക്കു ഭ്രാന്തില്ലെന്ന് പറയുന്നത് കേള്‍ക്കുന്നതുപോലെയാണ് പൂജ പറഞ്ഞതു അവര്‍ കേട്ടതെന്നു മനസ്സിലായപ്പോള്‍ ഞാന്‍ ഇടപെട്ടു. 

ഞാന്‍: "ഞങ്ങള്‍ ഒരുമിച്ചു ജോലി ചെയ്യുന്നവരാണ്. ഇവള്‍ക്ക് 'അരുന്ധതി' കാണാന്‍ വേണ്ടി വന്നതായിരുന്നു ഇവിടെ. അതു കഴിഞ്ഞപ്പോള്‍ ഭക്ഷണം കഴിക്കാമെന്ന് കരുതി ഇവിടെ കയറിയതാണ്. അതല്ലാതെ ഞങ്ങള്‍ ലവേര്‍സ് അല്ല."

ഞാന്‍ പറഞ്ഞരീതി കൊണ്ടാണെന്ന് തോന്നുന്നു അവര്‍ക്ക് കാര്യം മനസ്സിലായി. 

വിതരണ ചേച്ചി: "സോറി സര്‍, ഞാന്‍ വിചാരിച്ചു..."
ഞാന്‍: "നോ പ്രോബ്ലം, ഇറ്റ്‌ ഹാപ്പെന്‍സ്‌."

വിതരണ ചേച്ചി: "താങ്ക്യൂ സര്‍... സര്‍, യു ഡോണ്ട് നീഡ്‌ ടു റൈറ്റ് ഇന്‍ ദാറ്റ്‌ പേപ്പര്‍."

ഞാന്‍: "ഏതായാലും കൊണ്ടുവന്നതല്ലേ.. എന്തെങ്കിലും എഴുതാം. ഗിവ് മീ സം ടൈം."

വിതരണ ചേച്ചി: "താങ്ക്യൂ സര്‍." എന്നും പറഞ്ഞു അവിടെ നിന്നും പോയി.

പൂജ: "ആര്‍ യു ക്രേസി?"

ഞാന്‍: "ഇറ്റ്സ് ഫണ്‍."

സത്യം പറഞ്ഞാല്‍ എനിക്ക് പ്രണയത്തെക്കുറിച്ച് എഴുതാനൊന്നും അറിയില്ലായിരുന്നു. കാര്യാലയ ജീവിതത്തില്‍ റാഗിങ്ങിന്‍റെ പേരില്‍ പോലും എനിക്കൊരു പ്രേമലേഖനവും എഴുതേണ്ടി വന്നിട്ടില്ലാത്തതിന്‍റെ ദുഃഖം ഞാന്‍ അറിഞ്ഞത് അന്നായിരുന്നു. എന്‍റെ കയ്യെഴുത്ത് അത്രയ്ക്ക് 'മനോഹരം' ആയതു കൊണ്ടാവാം, ആരും എന്നെക്കൊണ്ട് എഴുതിച്ചില്ല. എന്നെ ഇതുവരെ പഠിപ്പിച്ച എല്ലാ അധ്യാപകരുടെയും പ്രതീക്ഷ ഞാന്‍ ഒരു ഡോക്ടര്‍ ആകുമെന്നായിരുന്നു, അത്രമാത്രം കഷ്ടപ്പെട്ടിരുന്നു അവര്‍ എന്‍റെ ഉത്തരകടലാസ് വായിച്ചെടുക്കാന്‍. 

പ്രണയത്തെക്കുറിച്ച് എന്തെഴുതും എന്ന് ആലോചിച്ചപ്പോള്‍ ആദ്യം മനസ്സില്‍ വന്നത് മലയാളത്തിന്‍റെ പ്രണയദേവനായിരുന്നു. അദ്ദേഹത്തിന്‍റെ വരികളില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട നാല് വരികള്‍ ഞാന്‍ കടമെടുത്തു. അഥവാ അടിച്ചുമാറ്റി.

"ഹൃദയ രഞ്ജിനിയാമെന്‍ പൊന്മണി വീണയില്‍
പുതിയൊരു രാഗം പകര്‍ന്നവളോ
ജീവതാളമായ് എന്നില്‍ ലയിച്ചവളോ
സംഗീതബിന്ദുവായ്‌ എന്നില്‍ അലിഞ്ഞവളോ 
ആരുനീ... ആരുനീ... ആരോമലേ... ആരോമലേ..."

മലയാളത്തില്‍ ഇത്രയും എഴുതി (മലയാളം അറിയുന്നവര്‍ വായിച്ചാല്‍ മതി എന്ന് കരുതിക്കൊണ്ട് തന്നെ) താഴെ എന്‍റെ പേരും ഫോണ്‍ നമ്പറും കൊടുത്തിട്ട്, അവിടെയുള്ള ബോര്‍ഡില്‍ പതിപ്പിച്ചു. അപ്പോഴേക്കും പൂജ കാശൊക്കെ കൊടുത്തിട്ടുണ്ടായിരുന്നു. ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി. ഞാന്‍ അവള്‍ക്കു ബസ്‌ കിട്ടുന്ന സ്ഥലത്ത് അവളെ ഇറക്കിവിട്ട്, വീട്ടിലേക്കു പോയി, വീട്ടിലെ വാരാന്ത്യകര്‍മ്മങ്ങള്‍ ഒക്കെ കഴിയുമ്പോഴേക്കും ഉറങ്ങാന്‍ അല്പം വൈകിപ്പോയി. 

പിറ്റേ ദിവസം രാവിലെ കോളിംഗ് ബെല്‍ അടിക്കുന്നത് കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. വാതില്‍ തുറന്നപ്പോള്‍ ജോലിക്കാരി പാലും വര്‍ത്തമാനപത്രവുമായി മുന്നില്‍ നില്‍ക്കുന്നു. സമയം 10 മണി കഴിഞ്ഞിരിക്കുന്നു. പത്രം എന്‍റെ കൈയ്യില്‍ തന്നിട്ട് പാലുമായി ജോലിക്കാരി അടുക്കളയിലേക്കു പോയി. കൈയ്യില്‍ കിട്ടിയ പത്രത്തിന്‍റെ ആദ്യപുറം നോക്കിയതും ഞാന്‍ ശരിക്കും ഒന്ന് ഞെട്ടി. ഞങ്ങള്‍ രണ്ടുപേരുടെയും ഫോട്ടോയും  ആ നാലുവരിയും പത്രത്തില്‍ വന്നിരിക്കുന്നു എന്ന് ആരും കരുതേണ്ട.

എന്നാല്‍ അതിനേക്കാള്‍ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു അത്. ബോംബെയില്‍ പ്രണയദിനത്തില്‍ കറങ്ങിനടന്ന 30 ഓളം ജോഡികളെ ഏതോ ഒരു സംഘടന വിവാഹിതരാക്കിയിരിക്കുന്നു. അവരുടെ കൈയ്യില്‍ പെട്ടാല്‍ പിന്നെ ചോദ്യവും ഉത്തരവുമൊന്നും ഇല്ല. നേരെ രണ്ടുപേരെയും രജിസ്റ്റര്‍ മാര്യേജ് ചെയ്യിച്ച്, അവര്‍ കൊണ്ടുവന്ന ഹാരങ്ങള്‍ പരസ്പരം കൈമാറ്റിക്കും.
ഒരു നിമിഷം ഞാന്‍ ചിന്തിച്ചു, ആ വിതരണ ചേച്ചിക്ക് പകരം ഈ സംഘടനയെയാണ്  ഞങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നിരുന്നെങ്കില്‍, പിന്നെ 'വിഷ് യു എ ഹാപ്പി മാരീഡ് ലൈഫ്' എന്നല്ലാതെ വേറെ ഒന്നും പറയേണ്ടി വരുമായിരുന്നില്ല.

ഉടനെ പൂജയെ ഞാന്‍ ഫോണില്‍ വിളിച്ചു. അവള്‍ക്കു ഇതുവരെ രാവിലെ ആയിട്ടില്ലായിരുന്നു. ഫോണ്‍ എടുക്കാന്‍ വേണ്ടി മാത്രം ഉണര്‍ന്ന അവളോട്‌ ഈ വാര്‍ത്ത‍ ഞാന്‍ ചൂടോടെ അറിയിച്ചു. കേട്ട് ഞെട്ടിത്തരിച്ചിരുന്ന അവള്‍, ഉറക്കത്തില്‍ തന്നെ ഇങ്ങനെ ഒരു വാര്‍ത്ത കൊടുത്തതിനു എന്നോട് 'നന്ദി'യും  പറഞ്ഞു, ഫോണ്‍ വച്ചിട്ടു പത്രം വായിക്കാന്‍ പോയി.

ഇത് 2 വര്‍ഷം മുന്‍പ് നടന്ന ഒരു സംഭാവമായിരുന്നെങ്കില്‍, കഴിഞ്ഞ പ്രണയദിനത്തില്‍ ഇതേ സംഘടനയുടെ ആളുകള്‍ ഹൈദരാബാദില്‍ 13 ജോഡികളെയാണ് വിവാഹിതരാക്കിയത്. ഇതില്‍ ഒരു ജോഡി മാത്രമാണ് ഇതൊരനുഗ്രഹമായി കണ്ടത്.

ചുരുക്കിപ്പറഞ്ഞാല്‍, ഇന്ന് ഇന്ത്യയില്‍, പ്രണയദിനം വിവാഹിതര്‍ക്കും, ഏതു നിമിഷവും വിവാഹം കഴിക്കാന്‍ തയ്യാറായി നില്‍ക്കുന്ന പ്രണയിതാക്കള്‍ക്കും വേണ്ടി മാത്രമുള്ളതായിരിക്കുന്നു. കൂട്ടുകാര്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന ആളുകള്‍ ഫെബ്രുവരി 14നു പെണ്‍സുഹൃത്തുക്കളുമായി പുറത്തുപോകുമ്പോള്‍ സൂക്ഷിക്കുക, ഏതു സമയത്താണ് നിങ്ങളുടെ വൈവാഹികനില തന്നെ മാറുന്നത് എന്ന് പറയാന്‍ കഴിയില്ല.

പൂജ ഇന്ന് വിവാഹിതയാണ്. അവളുടെ ഭര്‍ത്താവ് അടക്കമുള്ള ഞങ്ങള്‍ സുഹൃത്തുക്കള്‍ ഇന്നും അവളെ കളിയാക്കാന്‍ വേണ്ടി മാത്രം ചോദിക്കുന്ന ചോദ്യം "കാന്‍ വി സിറ്റ് ഹിയര്‍ ഫോര്‍ സം മോര്‍ ടൈം പ്ലീസ്‌?".

രാവിലെ

ഈയിടയ്ക്കാണ് സേതുരാമ അയ്യര്‍ CBI യുടെ നാലാം ഭാഗം ഞാന്‍ വീണ്ടും കാണാനിടയായത്. അതില്‍ ഏവര്‍ക്കും പ്രിയപ്പെട്ടതും, വിജ്ഞാനപ്രദവുമായ ഒരു രംഗമുണ്ട്. കാപ്ര സേതുരാമ അയ്യരെ ചോദ്യം ചെയ്യുന്ന രംഗം. അതില്‍ ഒരു ചോദ്യം ഇങ്ങനെയാണ്.

കാപ്ര: "ചോദ്യം. സൂര്യന്‍ ഉദിക്കുന്നത് കിഴക്ക്."

അയ്യര്‍: "അല്ല."

കാപ്ര: "പിന്നെ?"

അയ്യര്‍: "സൂര്യന്‍ എവിടെ ഉദിക്കുന്നോ അത് കിഴക്ക്. 360 ഡിഗ്രിയില്‍ ഭൂമി സൂര്യനെ ചുറ്റി കൊണ്ടിരിക്കുകയാണ്. ഭൂമിയും സൂര്യനും സ്വയം ചുറ്റുന്നുണ്ട് താനും. ഇവിടെ സ്ഥിരമായ ദിക്കിന് എന്താണൊരു പ്രസക്തി? ഉദയം അസ്തമയം, ദിക്ക്, ദിശ ഇതെല്ലാം വെറും സങ്കല്പങ്ങള്‍ മാത്രമാണ്.   ദൈന്യംദിന ജീവിതത്തിലെ സമയാസമയങ്ങള്‍ തീര്‍ച്ചപ്പെടുത്താനുള്ള ഒരു കണക്ക്.വ്യാവഹാരികസത്യം എന്നു പറയും. Hypothesis."

കാപ്ര: "ഹും...."

ഞാന്‍ ഒന്നാലോചിച്ചു. കാപ്ര ഇതുപോലൊരു ചോദ്യം എന്നെപോലുള്ള IT കണ്‍സള്‍ട്ടന്റിനോടാണ് ചോദിച്ചിരുന്നെങ്കില്‍. അത് ഏതാണ്ട് ഇതുപോലെ ആയിരിക്കും.

കാപ്ര: "ചോദ്യം. നിങ്ങള്‍ ഉണരുന്നതു രാവിലെ."

IT കണ്‍സള്‍ട്ടന്റ്: "അല്ല."

കാപ്ര: "പിന്നെ?"

IT കണ്‍സള്‍ട്ടന്റ്: "ഞങ്ങള്‍ എപ്പോള്‍ ഉണരുന്നോ അത് രാവിലെ. ഞങ്ങളുടെ ഷിഫ്റ്റ്‌ ടൈം, പ്രോജെക്ടിന്റെ ഗതി വിഗതികള്‍ക്കനുസരിച്ചു മാറിക്കൊണ്ടിരിക്കും. കൂടാതെ ഇടയ്ക്കു വേറെ ടൈം സോണില്‍ ഉള്ള ക്ലൈന്റ് ഓഫീസിലും ജോലി ചെയ്യേണ്ടിവരും. ഇവിടെ സ്ഥിരമായ നേരത്തിനു എന്താണൊരു പ്രസക്തി? രാവിലെ, രാത്രി, പ്രാതല്‍, അത്താഴം ഇതെല്ലാം വെറും സങ്കല്പങ്ങള്‍ മാത്രമാണ്. ദൈന്യംദിന ജീവിതത്തിലെ ജോലികള്‍ തീര്‍ക്കാനുള്ള ഒരു കണക്ക്. പ്രതിജ്ഞാബന്ധത എന്നു പറയും. Commitment".

കാപ്ര: "എന്താ ചെയ്യാ..."

Tuesday, April 26, 2011

ഇന്ന് നാളെയാണോ???

"ഇന്ന് നാളെയാണോ?" എന്ന് ഞാന്‍ ചോദിക്കുമ്പോള്‍ നിങ്ങളുടെ പ്രതികരണം ഇതിനുള്ള ഉത്തരമായിരിക്കില്ലെന്നും, മറ്റു പല ചോദ്യങ്ങളും എന്‍റെ മാനസിക നിലയെ കുറിച്ചുള്ള സംശയങ്ങളും ആയിരിക്കുമെന്നും എനിക്കറിയാം. എന്നാല്‍ ഇത് എന്‍റെ ചോദ്യമല്ല, എന്‍റെ ഒരു സുഹൃത്തിന്‍റെ 'ജന്മസിദ്ധമായ' ഒരു സംശയമാണ്. എത്ര ആലോചിച്ചിട്ടും, പലരോടും ചോദിച്ചിട്ടും ഉത്തരം കിട്ടാത്ത ഒരു ചോദ്യം, ഇന്ന് നാളെയാണോ?

അവളെ, എന്‍റെ സുഹൃത്തിനെ, ഞാന്‍ ഇവിടെ 'ഗീതു' എന്ന് വിളിച്ചോട്ടെ. ഈ ഗീതു കാണാന്‍ വലിയ കുഴപ്പമില്ലാത്ത, ഒരു ബുദ്ധിജീവിയുടെ സ്വഭാവങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിക്കാത്ത, കാലത്തിനൊപ്പം തന്നെ യാത്ര ചെയ്യുന്ന ഒരു കുട്ടിയായിരുന്നു. ഒരേയൊരു കുഴപ്പം ഈ ഒരു സംശയവും.   

ഈ ചോദ്യം ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് അഥവാ കേട്ടുകൊണ്ടിരുന്നത്‌ ഏതാണ്ട് 20 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഗീതു പലരോടും ചോദിച്ചു, ഇന്ന് നാളെയാണോ? പക്ഷേ  അവള്‍ക്കു കിട്ടിയ മറുപടികളിലോന്നും തന്നെ അതിനുള്ള ഉത്തരം ഉണ്ടായിരുന്നില്ല. കിട്ടിയ പ്രതികരണങ്ങള്‍ ഏതാണ്ട് ഇതുപോലെ ആയിരുന്നു.

മറുപടി 1: "അതെന്തു ചോദ്യാ മോളെ..., ഇന്ന് നാളെയാണോ...., ഇന്ന് ഇന്നല്ലേ?" 
മറുപടി 2: "നിനക്ക് വേറെ പണിയൊന്നും ഇല്ലേ? ഇന്ന് നാളെയാണോന്ന്...."
മറുപടി 3: "നീ പോ... എനിക്ക് വേറെ പണിയുണ്ട്. ഓരോ ചോദ്യേ..."

എന്നാല്‍ വളരെ ക്ഷമയോട് കൂടി ഇതിനു ഉത്തരം നല്‍കി അവളെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ച ഒരാളുണ്ട്. അവളുടെ അച്ഛാച്ചന്‍ (അച്ഛന്‍റെ അച്ഛന്‍ എന്ന ബന്ധത്തെ കേരളത്തിന്‍റെ വ്യത്യസ്ഥ ജില്ലകളില്‍ സംബോധന ചെയ്യുന്നത് വ്യത്യസ്ഥ നാമങ്ങലിലാണ്). കുട്ടിക്കാലത്തെ അവളുടെ ഏറ്റവും നല്ല കൂട്ടുകാരില്‍ ഒരാളാണ് അച്ഛാച്ചന്‍. ഭാരത കരസേനയില്‍ നിന്നും വിരമിച്ച ഒരു വ്യക്തിയായ അദ്ദേഹം കാര്യങ്ങള്‍ കൂടുതല്‍ ചിട്ടയോടും വസ്തു നിഷ്ഠതയോടും കണ്ടിരുന്നു അഥവാ കാണാന്‍ ശ്രമിച്ചിരുന്നു. (സംഭാഷണത്തില്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം ഉപയോഗിക്കുന്ന ചില വാക്കുകള്‍ കണ്ടേക്കാം.)

ഗീതു: "അച്ഛാച്ചാ... ഇന്ന് നാളെയാ?"

അച്ഛാച്ചന്‍: "ഗീതു, ഇന്നെങ്ങനെയാ നാളെയാകുന്നത്? ഇന്ന് ഇന്ന്, നാളെ നാളെ."

ഗീതു: " അല്ല അച്ഛാച്ചാ... ഇന്ന് നമ്മള്‍ നാളെയാണെന്ന് പറയില്ലേ?"

അച്ഛാച്ചന്‍: "ഇന്നത്തെ കാര്യം ഇന്ന് പറയുമ്പോള്‍ ഇതു ഇന്നാണ് എന്ന് പറയും. നാളത്തെ കാര്യം നമ്മള്‍ ഇന്ന് പറയുമ്പോള്‍ അത് നാളെ ആണെന്ന് പറയും. ഇനി ഇന്ന് നമ്മള്‍ ചെയ്യാന്‍ പോകുന്ന ഒരു കാര്യത്തെ കുറിച്ച് ഇന്നലെ പറയുമ്പോള്‍ അത് നാളെ ആണെന്ന് പറയും. മനസ്സിലായോ?"

ഗീതു: "ആ, അപ്പൊ... ഇന്ന് നാളെയാണല്ലേ?"

അച്ഛാച്ചന്‍: "എന്‍റെ ഗീതു, അതെങ്ങനെയാ ഇന്ന് നാളെയാകുന്നത്? ഇന്ന് സ്കൂളില്‍ പോകേണ്ടുന്ന കാര്യം ഇന്നലെ പറയുമ്പോള്‍ നാളെ സ്കൂളില്‍ പോകണമെന്ന് പറയും. അത് ഇന്ന് പറയുമ്പോള്‍ ഇന്ന് സ്കൂളില്‍ പോകണമെന്ന് പറയും. ഇന്ന് പോകുന്ന കാര്യം ഇന്ന് പറയുമ്പോള്‍ അത് നാളെ എന്നാണോ പറയുന്നത്?"

ഗീതു: "അല്ല. അത് ഇന്ന് എന്നുതന്നെ പറയും. പക്ഷേ ഇന്നത്തെ കാര്യം ഇന്നലെ പറയുമ്പോള്‍ അത് നാളെ എന്നല്ലേ പറയുന്നത്. അപ്പോ, ഇന്ന് നാളെയല്ലേ?"

അച്ഛാച്ചന്‍: "അത് ഇന്നു പറയുമ്പോള്‍ ഇന്നാണല്ലോ, ഇന്നലെ പറയുമ്പോള്‍ മാത്രമല്ലേ നാളെ എന്ന് പറയുന്നുള്ളൂ. അപ്പോള്‍ ഇന്നത്തെ കാര്യം ഇന്ന് പറയുന്നതിന് നാളെ എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ?"

ഈ ചര്‍ച്ച കുറച്ചു സമയത്തേക്ക് അങ്ങ് നീണ്ടുപോകും. ഗീതു തന്‍റെ സംശയത്തെ അനുകൂലിക്കുന്ന കാര്യങ്ങള്‍ നിരത്തും. അച്ഛാച്ചന്‍ അതിന്‍റെ ശരിയായ വശം പറഞ്ഞുകൊടുത്തുകൊണ്ടിരിക്കും. ആരായാലും ക്ഷമയ്ക്ക് ഒരതിരുണ്ടല്ലോ? മാത്രമല്ല, ലോകത്തിലെ എല്ലാകാര്യങ്ങളിലും തനിക്കറിവുണ്ടെന്നു കാണിക്കുന്നവരായിരിക്കും വിരമിച്ച പട്ടാളക്കാരില്‍ ഏറെയും. ധീരതയോടെ ആയുധമേന്തി നമ്മുടെ നാടിനെ രക്ഷിക്കുന്ന ഇവര്‍ വിരമിച്ചു കഴിഞ്ഞാലും പിടിച്ചു നില്‍ക്കാന്‍ പറ്റാത്തിടത്ത് 'ആയുധ'മെടുക്കും. ഈ ചര്‍ച്ച അവസാനിക്കുന്നത് ഇങ്ങനെയായിരിക്കും.

അച്ഛാച്ചന്‍: "മനസ്സിലായോ?"

ഗീതു: "ആ, അത്... ആ... ഏകദേശം മനസ്സിലായി. പക്ഷേ അച്ഛാച്ചാ, ഇന്ന് നാളെയാ?" 

അച്ഛാച്ചന്‍: (ക്ഷമ കെട്ട്, ദേഷ്യത്തോടെ) "നിന്‍റെ ലൊട്ട വര്‍ത്താനം എനിക്ക് കേള്‍ക്കേണ്ട... ഓരോ ചോദ്യം... ബ്ലഡി ഫൂള്‍..." (കൂടെ നിലവാര തകര്‍ച്ച സംഭവിക്കാത്ത ചില വാക്കുകളും വാക്യപ്രയോഗങ്ങളും.)

അച്ഛാച്ചന്‍ ഇത്രയും പറഞ്ഞു കഴിയുമ്പോഴേക്കും ഗീതു അവിടെനിന്നും ഓടി മറഞ്ഞിട്ടുണ്ടാകും. ഇതിനു ശേഷം കുറച്ചു ദിവസത്തേക്ക് ഈ ചോദ്യം ആരോടും അവള്‍ ചോദിക്കുന്നുണ്ടാവില്ല. പരമാവധി ഒരാഴ്ച, വഴക്ക് പറഞ്ഞ അച്ഛാച്ചനും കേട്ട ഗീതുവും അത് മറക്കും. മറക്കാത്തതായി ഒന്ന് മാത്രം.

ഗീതു: "അച്ഛാച്ചാ... ഇന്ന് നാളെയാ?"

ടെലിവിഷന്‍ ചാനലുകളിലെ പുനരവതരണം പോലെ അവളുടെ വീട്ടില്‍ ഇതൊരു പതിവ് രംഗമായിരുന്നു. വഴക്ക് കിട്ടുന്നത് വരെ ചര്‍ച്ച, അതിനുശേഷം അത് മറക്കുന്നത് വരെ ഇടവേള. ഓരോതവണ ചോദിക്കുമ്പോഴും ആദ്യമായി ചോദിക്കുന്നതിന്‍റെ ഗൌരവത്തോടു കൂടിയായിരിക്കും ഗീതു ഉത്തരത്തിന് വേണ്ടി കാത്തുനില്‍പ്പുണ്ടാകുക.

മുമ്പ് ആപ്പിള്‍ തലയില്‍ വീണപ്പോള്‍ "ഇതെന്തുകൊണ്ട് താഴെവീണു?" എന്ന ഒരു സംശയത്തില്‍ നിന്നാണ് ഗുരുത്വാകര്‍ഷണബലവും g=9.8 ഉം അതിന്‍റെ പുറകെ ഊര്‍ജതന്ത്രത്തിലെ തീര്‍ത്താല്‍ തീരാത്ത കുറേ പ്രശ്നങ്ങളും സമവാക്യങ്ങളും ഉണ്ടായത്. ഈ ചോദ്യവും ഇതുപോലെ വല്ലതിലും എത്തിച്ചേരുമോ എന്ന് ഞാന്‍ ഉറ്റുനോക്കിക്കൊണ്ടിരുന്നു.

വര്‍ഷങ്ങള്‍ കടന്നുപോയി. വളര്‍ന്നപ്പോള്‍ കൈവന്ന പക്വതകൊണ്ടോ വളരുമ്പോള്‍ നിഷ്കളങ്കത്തിനു സംഭവിക്കുന്ന ചെറിയ തേയ്മാനം കൊണ്ടോ, ഗീതു ഈ ചോദ്യം ആരോടും ഇപ്പോള്‍ ചോദിക്കാറില്ല. എന്നാല്‍ ഇന്നും ഉത്തരമറിയാതെ ഒരു ചോദ്യമായി അത് ഗീതുവിനെ വേട്ടയാടാതെ, ശല്യപ്പെടുത്താതെ പിന്തുടരുകയാണ്. നിങ്ങള്‍ക്ക് ഒരു ഉത്തരം കൊടുക്കാമോ ഗീതുവിന്? മറുപടി അല്ല, ഉത്തരം, ഉത്തരം മാത്രം. ചോദ്യം മറക്കേണ്ട "ഇന്ന് നാളെയാണോ?"

Sunday, April 24, 2011

താക്കോലെടുക്കാതെ...

ഞാന്‍ ഹൈദരാബാദില്‍ ചേച്ചിയുടെയും (കസിന്‍) ചേട്ടന്‍റെയും(ചേച്ചിയുടെ ഭര്‍ത്താവ്) കൂടെ താമസിക്കുന്ന കാലം. സ്വന്തമായി വീടോ, വാഹനമോ അങ്ങനെ 'അത്യാവശ്യം' അല്ലാത്തത് ഒന്നുമില്ലാത്ത കാലം. അന്നത്തെ എന്‍റെ ജീവിതം കൊണ്ടുപോയിരുന്നത് കണക്കിലെ ഒരു സമവാക്ക്യം ആയിരുന്നു. a=b, b=c => a=c. അതായത് എന്‍റെ ചേച്ചി, ചേച്ചിയുടെ വീട് => എന്‍റെ വീട്. 

ചേച്ചിയെയും ചേട്ടനെയും കുറിച്ച് നാലുവാക്ക്‌. "അവര്‍ നാലുവാക്കില്‍ ഒന്നും ഒതുങ്ങില്ല." ഞങ്ങള്‍ തമ്മിലുള്ള ബന്ധം വിവരണാതീതമാണ്. തിരക്ക്പിടിച്ച അവിടത്തെ ജീവിതത്തില്‍ ഞങ്ങള്‍ക്ക് ഞങ്ങള്‍ മാത്രമേ ഉള്ളൂ. ചിലപ്പോള്‍ അവര്‍ വീട് എന്നെ ഏല്‍പ്പിച്ചു അവരുടെ അച്ഛനമ്മമാരെ കാണാന്‍ പോകും. അത്രമാത്രം വിശ്വാസമായിരുന്നു എന്നെ. ആ ദിവസങ്ങളില്‍ എന്‍റെ ജീവിതം വെറും രാജകീയമായിരിക്കും. പോകുന്ന ദിവസം ചേച്ചി മൂന്നു പ്രാവശ്യം എനിക്ക് നിര്‍ദേശങ്ങള്‍ തരും. 1 ഞാന്‍ ഓഫീസിലേക്ക് പുറപ്പെടും മുമ്പേ, 2 ചേച്ചി റെയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെടും മുമ്പേ. 3 ട്രെയിന്‍ പുറപ്പെടും മുമ്പേ. അവര്‍ തിരിച്ചു വരുമ്പോഴേക്കും ഞാനും വീടും അതേപോലെ നിലനില്‍ക്കാനുള്ള നിര്‍ദേശങ്ങള്‍ ആയിരിക്കും എല്ലാം. പറയണ്ടത് ചേച്ചിയുടെ കടമ, മറക്കേണ്ടത്‌ എന്‍റെയും.

അങ്ങനെ ഒരു വെള്ളിയാഴ്ച്ച, ചേച്ചിയും ചേട്ടനും ചെന്നൈയില്‍ ഉള്ള ചേച്ചിയുടെ വീട്ടിലേക്ക്, വല്ലപ്പോഴും ഒരുമിച്ചു വീണുകിട്ടാറുള്ള അവധിക്കാലം ചിലവഴിക്കാന്‍ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. വീട് 'കൈമാറ്റ' പദ്ധതി എന്നെത്തെയും പോലെ തന്നെ. ഞാന്‍ ഓഫീസില്‍ നിന്നു നേരെ റെയില്‍വേ സ്റ്റേഷനില്‍ പോകണം. അവര്‍ രണ്ടുപേരും അവരുടെ കാറില്‍ അവിടെ എത്തും. അവരോടു ബൈ ബൈ പറഞ്ഞു ട്രെയിന്‍ വിദൂരതയില്‍ എത്തും വരെ നോക്കിനിന്നു കാര്‍ എടുത്തു തിരിച്ചു വീട്ടിലേക്ക് പോരണം. വീടിന്‍റെ താക്കോല്‍, വണ്ടിയുടെ ബുക്കും പേപ്പറും എല്ലാം വണ്ടിക്കകത്തു ഉണ്ടാകും. 

പതിവുപോലെ അന്നും ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി. ചേട്ടന്‍ എനിക്ക് കാറിന്‍റെ താക്കോല്‍ തന്നു. ചേച്ചി തന്‍റെ നിര്‍ദേശപ്പെട്ടി തുറന്നു.

ചേച്ചി: "പാല്‍ തിളപ്പിച്ച്‌ തണുത്ത ശേഷം ഫ്രിഡ്ജില്‍ വയ്ക്കണം."
ഞാന്‍: "വയ്ക്കാം."

ചേച്ചി: "അരി കുതിര്‍ത്തു വച്ചത് അരയ്ക്കണം. നാളെ രാവിലെ ദോശ ഉണ്ടാക്കിയശേഷം ബാക്കിയുള്ളത് ഫ്രിഡ്ജില്‍ വയ്ക്കണം." 
ഞാന്‍: "ചെയ്യാം."

ചേച്ചി: "ഡിന്നര്‍ ടേബിളില്‍  വച്ചിട്ടുണ്ട്. കഴിക്കണം."
ഞാന്‍: "കഴിക്കാം."

ചേച്ചി: "ഇതൊക്കെ ചെയ്യാം എന്ന് പറഞ്ഞാല്‍ പോര.. മറക്കാതെ ചെയ്യണം."
ഞാന്‍: "അയ്യോ... ചെയ്യാം." 

ഞാന്‍ പറഞ്ഞില്ലേ ചേച്ചിക്ക് എന്നെ നല്ല വിശ്വാസമാണെന്ന്!!!

സമയം 7:00pm. അവര്‍ക്ക് ബൈ ബൈ പറഞ്ഞു, വിദൂരതയിലേക്ക് പോകുന്ന ട്രെയിന്‍ കൂടുതല്‍ വേഗത്തില്‍ പോകാന്‍ ഒരു ദീര്‍ഘനിശ്വാസവും കൊടുത്തിട്ട് ഞാന്‍ കാര്‍ എടുത്തു വീട്ടിലേക്ക് യാത്രയായി. യാത്രാമദ്ധ്യേ എന്‍റെ ഫോണ്‍ കരഞ്ഞു തുടങ്ങി. നികേഷ് ആയിരുന്നു. അവനു ബിയര്‍ അടിക്കാന്‍ ഒരു കൂട്ട് വേണമെന്ന്. കള്ളിനും സിനിമക്കും കൂട്ടിനുവേണ്ടി എന്നെ വിളിക്കുന്ന സുഹൃത്തുക്കളെ ഞാന്‍ നിരാശപ്പെടുത്താറില്ല, കാരണം വേറെ ആരെയും കിട്ടിയില്ലെങ്കില്‍ മാത്രമേ, ഈ രണ്ടു വിഷയങ്ങളിലും എന്നെ അവര്‍ വിളിക്കൂ എന്ന് എനിക്ക് നല്ലപോലെ അറിയാം. അതില്‍ ഒരു നിരാശയുടെ ചുവയും ഉണ്ടാകും.

ഞാന്‍ സമ്മതിച്ചു, ദീവാന്‍ ഡാബയില്‍ ഓപ്പണ്‍ എയറില്‍ അവന്‍ ബിയര്‍ അടിക്കാനും ഞാന്‍ ഫുഡ്‌ അടിക്കാനും... ഈ നികേഷ് എന്‍റെ ഓഫീസില്‍ മുമ്പ് ജോലിചെയ്തതും, ഞങ്ങളുടെ മ്യൂസിക്‌ ബാന്‍ഡില്‍ ഒരുമിച്ചുണ്ടായതും ആയ ഒരു വ്യക്തിയാണ്. അതുകൊണ്ടുതന്നെ ചര്‍ച്ചകള്‍ ഏറെയും സംഗീതത്തെ കുറിച്ചും ഓഫീസിലെ ആളുകളെ കുറിച്ചുമായി. ഞങ്ങള്‍ സംഗീതത്തിന്‍റെ പലപല മേഖലയില്‍ കൂടി കടന്നു, പിന്നെ അതുപാടിയ പെണ്ണിനെ കുറിച്ചും അവളുടെ സൌന്ദര്യത്തെക്കുറിച്ചുമായി ചര്‍ച്ച, അങ്ങനെ പലപല മേഖലകള്‍... അവന്‍റെ ബിയറും എന്‍റെ പ്ലേറ്റും നിറച്ചുകൊണ്ടും ഒഴിഞ്ഞുകൊണ്ടും... അങ്ങനെ കുറെ നിമിഷങ്ങള്‍...

സമയം 10:30pm, അപ്രതീക്ഷിതമായി എന്‍റെ ഫോണ്‍ കരഞ്ഞു തുടങ്ങി. ഫോണിലെ സ്ക്രീനില്‍ നോക്കിയപ്പോള്‍ ചേച്ചി...

"ദൈവമേ, പാലും അരിയും ഡിന്നറും എന്നെ കാത്തു വീട്ടില്‍ ഇരിപ്പുണ്ടല്ലോ," ഞാന്‍ ഓര്‍ത്തുപോയി. അതിനു മുമ്പുവരെ മറന്നുപോയതാ...

ഞാന്‍ ആലോചിച്ചു, ഇപ്പോള്‍ ഫോണ്‍ എടുത്താല്‍, ഞാന്‍ വീട്ടില്‍ എത്തിയിട്ടില്ല എന്ന് ചേച്ചിക്ക് മനസ്സിലാകും, ചേച്ചിക്ക് 'പറയാനുള്ളത്' മുഴുവന്‍ സെന്‍സര്‍ ചെയ്യാതെ ഞാന്‍ കേള്‍ക്കേണ്ടിയും വരും. പക്ഷെ അരമണിക്കൂറിനുള്ളില്‍ വീട്ടില്‍ പോയി ചേച്ചി പറഞ്ഞതൊക്കെ ഓരോന്നായി ചെയ്തു തീര്‍ക്കാവുന്നതെ ഉള്ളൂ. അതുകൊണ്ടു ഇപ്പോള്‍ ചേച്ചിയുടെ ഉറക്കം കളയാതിരിക്കാന്‍ ഭാവിയില്‍ സംഭവിക്കാവുന്ന നല്ല വാര്‍ത്തകള്‍ കൊടുക്കാം എന്ന് ഞാന്‍ തീരുമാനിച്ചു.

ഫോണിന്‍റെ കരച്ചില്‍ അടക്കിയിട്ടു, ചേച്ചിക്ക് ഒരു മെസ്സേജ് അയച്ചു. 
    "I'm on a call from office. Milk is boiled. Rice is in the grinder."

"ഹാവൂ സമാധാനമായി." നികേഷിനോട് പെട്ടെന്ന് തീര്‍ക്കാന്‍ പറഞ്ഞിട്ട് ഞാനും എന്‍റെ ഫുഡ്‌ തീര്‍ക്കുന്ന ശ്രമത്തിനിടയില്‍ അതാ വരുന്നു ചേച്ചിയുടെ മെസ്സേജ്. 

"Good. But How did you get into the home? Both the keys are with us now."

ദൈവമേ... വീടിന്‍റെ താക്കോല്‍ ഇല്ല. രണ്ടു താക്കോലും അവരുടെ കയ്യിലാണത്രെ. ഞാന്‍ ഇനി എന്ത് ചെയ്യും? ഇട്ടിരിക്കുന്ന ഡ്രെസ്സും എന്‍റെ ജീവിതസഖികളായായ ലാപ്ടോപ്, ഡെബിറ്റ് കാര്‍ഡ്‌, ക്രെഡിറ്റ്‌ കാര്‍ഡ്‌ എന്നിവയും കാറും ഒഴികെ എന്‍റെ കയ്യില്‍ ഒന്നും ഇല്ല. 'എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്തവനെ പോലെ' എന്ന് ജയറാമിന്‍റെ സിനിമകളില്‍ കേട്ടതിന്‍റെ അര്‍ഥം എനിക്ക് മനസ്സിലായത്‌ അന്നാണ്.

ദുഃഖം, സങ്കടം, നിരാശ, കുറ്റബോധം എന്നീ ഭാവങ്ങള്‍ മനസ്സില്‍ ഒരുമിച്ചു കൈകൊട്ടിക്കളി നടത്തിയ സമയം. ഇനി വേറെ വഴിയില്ല. ചേച്ചിയെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു, ഞാന്‍ എവിടെ എന്ത് ചെയ്യുകയാണെന്ന് വള്ളി പുള്ളി തെറ്റാതെ... ചേച്ചിക്ക് എന്‍റെ സുഹൃത്തുക്കളെ എല്ലാവരെയും അറിയാവുന്നതുകൊണ്ടു കൂടുതല്‍ വിവരിക്കേണ്ടി വന്നില്ല. ചേച്ചിയുടെ മറുപടി ഒറ്റവാക്കില്‍,"കൊള്ളാം!!!"

ഞാന്‍: "ഇനി ഇപ്പോള്‍ എന്താ ചെയ്യാ?"
ചേച്ചി: "ഇപ്പോള്‍ നീ റെജിയുടെ വീട്ടിലേക്ക് പൊക്കോളൂ, ഞാന്‍ അവരോടു വിളിച്ചു പറഞ്ഞോളാം. നാളെ രാവിലെ ഒരു കീ മേയ്ക്കറിനെ കൊണ്ട് വാതില്‍ തുറപ്പിക്കാന്‍ നോക്കണം"

റെജി എന്നത് ചേച്ചിയുടെയും ചേട്ടന്‍റെയും ഒരു സുഹൃത്താണ്, മുകളിലത്തെ സമവാക്യത്താല്‍ എന്‍റെയും.

ഞാന്‍: "അതുവേണ്ട. ഞാന്‍ നികേഷിന്‍റെ വീട്ടിലേക്ക് പോകാം. നാളെ രാവിലെ ബാക്കി കാര്യങ്ങള്‍ ശരിയാക്കാം."
ചേച്ചി: "ശരി".

അന്ന് രാത്രി നികേഷിന്‍റെ വീട്ടില്‍ കിടന്നുറങ്ങി. രാവിലെ ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു താക്കോല്‍ നിര്‍മ്മാതാവിനെ തേടി നടക്കാന്‍ തുടങ്ങി. ഒടുവില്‍ ഒരാളെ കിട്ടി. അദ്ദേഹത്തെയും (ആരായാലും ബഹുമാനിച്ചു പോകും) കൂട്ടി വീട്ടിലെത്തി. അദ്ദേഹത്തിന്‍റെ കയ്യിലുള്ള താക്കോല്‍ക്കൂട്ടം കണ്ടപ്പോള്‍ ഞാന്‍ ശരിക്കുമോന്നു ഞെട്ടി. ഏതു പൂട്ടും തുറക്കാന്‍ പറ്റുന്ന താക്കോലുകള്‍, അതിലേറെ അദ്ദേഹത്തിന്‍റെ ആത്മവിശ്വാസവും പ്രവര്‍ത്തനപരിചയവും.

അദ്ദേഹം താക്കോലുകള്‍ ഒന്നൊന്നായി പരീക്ഷിച്ചു നോക്കി. കൂടെ ഞാനും. ഒന്നും അങ്ങ് ഏല്‍ക്കുന്നില്ല. 

"ലോക്ക് വെറും ലോക്ക് അല്ല ലിങ്ക് ലോക്ക് ആണ്. ഒറിജിനലിനു മാത്രമേ ഈ മണിച്ചിത്രത്താഴ് തുറക്കാന്‍ പറ്റുള്ളൂ" കീ മേയ്കര്‍ പറഞ്ഞു. മണിച്ചിത്രത്താഴ് എന്നത് എന്‍റെ ഒരു അതിശയോക്തി ആണ്.

"ഇനി എന്താ ചെയ്യാ?" മനസ്സിന്‍റെ അകത്തട്ടില്‍ നിന്നും നിരാശയുടെ കൊടുമുടിയില്‍ എന്‍റെ ചോദ്യം.

"വഴിയുണ്ട്"

'കളി എന്നോടാ...' എന്ന് ചോദിച്ചു നില്‍ക്കുന്ന ലിങ്ക് ലോക്കിനു മുമ്പില്‍ താക്കോല്‍ നിര്‍മാതാവ് തന്‍റെ ആയുധങ്ങള്‍ നിരത്തി. ഒരുനിമിഷം ഞാന്‍ നമ്മുടെ പ്രശസ്തനായ പവനായിയെ ഓര്‍ത്തുപോയി. ലോക്കില്‍ ഒരു തുള ഉണ്ടാക്കി, പ്രത്യക ആങ്കിളില്‍ ഡിസൈന്‍ ചെയ്ത സൈക്കിള്‍ കമ്പി അതിന്‍റെ ഉള്ളില്‍ തിരുകി വച്ചിട്ട്, എന്നോട് ഒരു ചോദ്യം "എത്ര ലോക്ക് ഉണ്ട്?"

ഞാന്‍ "രണ്ട്."

രണ്ടേ രണ്ടു തിരി. ദേ വാതില്‍ തുറന്നു. ഹോ... കടുവയെ പിടിച്ച കിടുവ എന്ന് കേട്ടിട്ടുണ്ട്, പലതവണ, പലവട്ടം. പക്ഷെ കണ്ടത് ഇപ്പോഴാണെന്നു മാത്രം. അവര്‍ക്ക് ഒരു പൂട്ട്‌ തുറക്കാന്‍ താക്കോല്‍ വേണ്ട. വെറും ഒരു കമ്പി മതി. എന്‍റെ മുഖത്തെ അത്ഭുതം കണ്ടിട്ട്, എരിതീയില്‍ എണ്ണയെന്ന പോലെ അദ്ദേഹം പറഞ്ഞു. "ഇരുപതു വര്‍ഷത്തെ പ്രവര്‍ത്തന പരിചയമാ."

ഞാന്‍: "അപ്പോള്‍ നിങ്ങള്‍ക്ക് ഏതു പൂട്ടും എപ്പോവേണമെങ്കിലും തുറക്കാലോ? അതായത് ഞാന്‍ ഇല്ലാത്ത നേരത്ത് ഇവിടെ വന്നു വാതില്‍ തുറന്നു എല്ലാം അടിച്ചുമാറ്റി പോകാമല്ലോ?" 

വളരെ നയതന്ത്രപരമായ രീതിയിലായിരുന്നു ഞാന്‍ ചോദിച്ചത്. തന്നെ എങ്ങനെ വിശ്വസിക്കും എന്നാണാ ചോദ്യത്തിന്‍റെ അര്‍ഥം എന്ന് മനസ്സിലാക്കിയ അദ്ദേഹം പറഞ്ഞു. "ഇത് എന്‍റെ ജോലിയാണ്, എന്‍റെ കുടുംബത്തിന്‍റെ ഭക്ഷണവും. ഞാന്‍ ഇതിനെ ചതിക്കാന്‍ പാടില്ല, ചതിച്ചാല്‍ ഇത് എന്നെ ചതിക്കും."

പ്രൊഫഷണല്‍ എത്തിക്സിനെ കുറിച്ച് പലരും വാതോരാതെ പ്രസംഗിച്ചത് പലതവണ കേട്ടിട്ടും, ഇതെന്താണെന്നു പറയുന്ന അവര്‍ക്കോ കേള്‍ക്കുന്ന എനിക്കോ മനസ്സിലായിരുന്നില്ല. ആരോടെങ്കിലും പ്രൊഫഷണല്‍ എത്തിക്സ് എന്താണെന്ന് ചോദിച്ചാല്‍, ഒരു മണിക്കൂര്‍ കത്തിയും 15 പേജ് ഉള്ള ഒരു അവതരണപ്പടിയും മലവെള്ളം പോലെ ഒഴുകിവന്ന്, ഒടുവില്‍ ഒന്നും മനസ്സിലാകാതെ എല്ലാം മനസ്സിലായി എന്ന ഭാവത്തില്‍ നടന്നിരുന്ന എന്‍റെ മുമ്പില്‍ ഉത്തരം ഒറ്റ വാക്യത്തില്‍ "സ്വന്തം ഭക്ഷണത്തെ ചതിക്കരുത്".

പറഞ്ഞതിലും അമ്പതുരൂപ അധികം കൊടുത്തു അദ്ദേഹത്തെ പറഞ്ഞു വിട്ടു, അല്ല യാത്രയാക്കി. അപ്പോഴേക്കും സമയം 1:00pm. വീടിനു വേറെ വാതില്‍ ഉള്ളതുകൊണ്ടും അതിന്‍റെ താക്കോല്‍ വീടിനകത്ത് തന്നെ ഉള്ളതുകൊണ്ടും  എന്‍റെ ജീവിതം തടസ്സങ്ങളില്ലാതെ മുമ്പോട്ടു പോകാന്‍ തുടങ്ങി. പാലും ഡിന്നറും  ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലായി കഴിഞ്ഞിരുന്നു. അരി അപ്പോള്‍ തന്നെ അരച്ചു വച്ചു, കൂടെ ഒരു സത്യവും മനസ്സിലായി, അരി അരയ്ക്കാന്‍ സമയപരിധി ഇല്ല എന്ന സത്യം.

ചില ചിത്രകഥകളിലെ പോലെ, അതിനു ശേഷം ഞാന്‍ താക്കൊലെടുക്കാന്‍ മറക്കാറില്ല എന്ന് കരുതുന്നവര്‍ക്ക് തെറ്റി. ഇതൊരു തുടക്കം മാത്രമായി ഞാന്‍ കാണാന്‍ തുടങ്ങി.