Tuesday, December 4, 2012

ഞാന്‍ എന്തേ ഡോക്ടര്‍ ആയില്ലാ???


ഞാന്‍  എന്തേ  ഡോക്ടര്‍ ആയില്ലാ???

ഞാന്‍ ഇന്നും ഓര്‍ക്കുന്നു, വിദ്യാലയ പഠനകാലത്ത്, എന്‍റെ  എല്ലാ അദ്ധ്യാപിക-അധ്യാപകന്മാരുടെയും ഒരു വലിയ പ്രതീക്ഷയായിരുന്നു ഞാന്‍ ഒരു ഡോക്ടര്‍ ആകുമെന്ന്!!! ക്ലാസ്സിലെ ഏറ്റവും മിടുക്കനായ കുട്ടിയൊന്നുമല്ല ഞാന്‍, എങ്കിലും അവരൊക്കെ എന്നും പറയുമായിരുന്നു "നീ വലുതായാല്‍ എന്തായാലും ഒരു ഡോക്ടര്‍ ആകും!!!". ഇവരുടെ മാത്രമല്ല, അച്ഛന്‍റെയും അമ്മയുടെയും മറ്റു ബന്ധുമിത്രാതികളുടെയും വലിയൊരു പ്രതീക്ഷയായിരുന്നു ഞാന്‍ ഡോക്ടര്‍ ആകുമെന്ന്.

കാരണം മറ്റൊന്നുമല്ല, അത്രയ്ക്ക് "നല്ലതായിരുന്നു" എന്‍റെ കൈയ്യക്ഷരം. എഴുതിയ എനിക്ക് പോലും വായിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നെയല്ലേ മറ്റുള്ളവര്‍ക്ക്!!! എന്‍റെ പുസ്തകം വാങ്ങിയ ആരും എന്നോട് ചോദിക്കുമായിരുന്നു/പറയുമായിരുന്നു

"എന്‍റെ  രോഹിത്തേ... കുറച്ചെങ്കിലും വൃത്തിക്ക് എഴുതിക്കൂടെ???"

"എന്താ രോഹിത്തേ ഇത് കോഴി പാഞ്ഞപോലെ (ഓടിയപോലെ) ഉണ്ടല്ലോ???"

"ഇതാര്‍ക്ക് വായിക്കാനാ എഴുതിയത്???"

"ഡോക്ടര്‍മാര് മരുന്നിനെഴുതിയത് പോലെ ഉണ്ടല്ലോ"

"നീ എന്തായാലും ഒരു ഡോക്ടര്‍ ആകും".

ആദ്യമൊക്കെ ഇത് കേള്‍ക്കുമ്പോള്‍ വലിയ വിഷമം തോന്നിയിരുന്നു. കാരണം എത്ര ശ്രമിച്ചിട്ടും അതങ്ങോട്ട് ശരിയാവുന്നില്ലായിരുന്നു. പിന്നീട് ഇതൊക്കെ കേട്ട് ശീലമായപ്പോള്‍ ശ്രമിക്കുന്നത് ഞാന്‍ നിര്‍ത്തി.

ഞാന്‍ എഴുതിയ ഉത്തരകടലാസുകള്‍ വായിക്കാന്‍ എന്‍റെ ഗുരുനാഥന്മാര്‍ കാണിച്ച ക്ഷമയും കാരുണ്യവും എന്നെ പത്താം ക്ലാസ്സ്‌ വരെ എത്തിച്ചു. എങ്ങനെയെന്നറിയില്ല, SSLC പരീക്ഷക്ക്‌ എന്‍റെ മലയാളം കയ്യക്ഷരം അപ്രതീക്ഷിതമാം വിധം വളരെ നല്ലതായിരുന്നു.നേരത്തെ പറഞ്ഞ എല്ലാവരുടെയും പ്രാര്‍ത്ഥനയാണോ എന്തോ, എഴുതിയ ഞാന്‍ പോലും ഒന്ന് ഞെട്ടി - അല്ല ഒന്‍പതു പ്രാവശ്യം ഞെട്ടി (ആകെയുള്ള 12 പരീക്ഷകളില്‍ ഹിന്ദി, ഇംഗ്ലീഷ്1, ഇംഗ്ലീഷ്2 പരീക്ഷകളില്‍ പ്രത്യേകിച്ച് മാറ്റമൊന്നുമില്ലാതെ ഞാന്‍ മുന്നേറുന്നുണ്ടായിരുന്നു).

അതോടെ മാതാ-പിതാ-ഗുരുക്കളുടെയും മറ്റു ബന്ധുമിത്രാതികളുടെയും ഒരു വലിയ പ്രതീക്ഷ തകരുമെന്നായി. എന്നില്‍ ഇത്രമാത്രം പ്രതീക്ഷയുള്ളവരെ ഞാന്‍ കൈവെടിയാന്‍ പാടില്ലല്ലോ. അതുകൊണ്ടുതന്നെ സ്വരം നന്നായപ്പോള്‍, നന്നായ സ്വരത്തിലുള്ള പാട്ട് ഞാന്‍ നിര്‍ത്തി. അതായത് അതിനുശേഷം മലയാളം ഞാന്‍ എന്‍റെ പഠനവിഷയമായി തിരഞ്ഞെടുത്തില്ല. പിന്നെ ഇംഗ്ലീഷിലും ഹിന്ദിയിലും എനിക്ക് വളരെ നല്ല പ്രതീക്ഷയുണ്ടായിരുന്നല്ലോ.

പത്താം ക്ലാസ്സ്‌ വരെ എന്‍റെ കൈയ്യക്ഷരം മാത്രമേ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ടായിരുന്നുള്ളൂ. അതിനുശേഷം രണ്ടു വര്‍ഷം എന്‍റെ ചിത്രം വരയും പ്രതീക്ഷ വളര്‍ത്തുന്നതിനു കാരണമായി. പക്ഷെ പന്ത്രണ്ടാം ക്ലാസ്സിലെ പരീക്ഷ അത്യാവശ്യം ഭംഗിയില്‍ എഴുതിയതോടെ എല്ലാവരുടെയും പ്രതീക്ഷ തകര്‍ന്നു തരിപ്പണമായി. കൂടെ എനിക്ക് മെഡിക്കല്‍ പ്രവേശന പരീക്ഷ കിട്ടിയുമില്ല, എഞ്ചിനീയറിംഗ് കിട്ടുകയും ചെയ്തു.

എല്ലാവരുടെയും പ്രതീക്ഷ തകര്‍ത്തുകൊണ്ട്, ഞാന്‍ നന്നായിട്ടുള്ള സ്വരത്തില്‍ തന്നെ പാടാന്‍ തുടങ്ങി. എഞ്ചിനീയറിംഗിനു പഠിക്കുമ്പോള്‍ ചലച്ചിത്രഗാനങ്ങള്‍ എഴുതിവയ്ക്കാറുള്ള എന്‍റെ പുസ്തകം നോക്കി സുഹൃത്തുക്കള്‍ പറഞ്ഞു, "നല്ല കൈയ്യക്ഷരം". എന്‍റെ മറ്റൊരു പുസ്തകം നോക്കി ഒരു അധ്യാപിക പറഞ്ഞു "ഈ ചിത്രം വരച്ചത് നന്നായിട്ടുണ്ട്". അപ്പോള്‍ തന്നെ ഞാന്‍ അവരോടു പറഞ്ഞു, "ഇത് പറയാന്‍ അവസരം ലഭിച്ച എന്‍റെ ആദ്യത്തെ അദ്ധ്യാപിക നിങ്ങളാണ്!!!". അവര്‍ക്ക് അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് എന്‍റെ മലയാളം കൈയ്യക്ഷരം കണ്ട ഒരു സുഹൃത്ത് നല്ല അഭിപ്രായം പറഞ്ഞപ്പോള്‍ ഞാന്‍ പഴയതൊക്കെ ഒന്നോര്‍ത്തുപോയി. ബഹുമാന്യരായ എന്‍റെ ഗുരുജങ്ങളെ മനസ്സില്‍ പൂജിച്ചുകൊണ്ട്, അവരുടെ കയ്യില്‍നിന്നും വടിയിലൂടെയും അല്ലാതെയും കിട്ടിയതെല്ലാം ഓര്‍ത്തുകൊണ്ട്‌, ഞാന്‍ ആ സുഹൃത്തിനോട് പറഞ്ഞു.

"ഇതൊന്നുമല്ല!!! പഠിക്കുന്ന കാലത്ത് നീ കാണണമായിരുന്നു!!! എന്‍റെ എല്ലാ ഗുരുനാഥന്മാരും പ്രതീക്ഷിച്ചത് ഞാനൊരു ഡോക്ടര്‍ ആകുമെന്നാണ്!!!"

ഉടനെ സുഹൃത്ത് ചോദിച്ചു "ആണോ??? എന്നിട്ടെന്തേ ആയില്ലാ???"

ഒരു നെടുവീര്‍പ്പോടെ ഞാന്‍ പറഞ്ഞു "ആ...ആയില്ലാ!!! അത്രതന്നെ!!!"

2 comments:

  1. കൊള്ളാലോ രോഹിത്തെ....
    നിന്‍റെ കൈയക്ഷരം നന്നായോ ? ആണെങ്കില്‍ അത് മാത്രമല്ല നിന്‍റെ സാഹിത്യവും നന്നായിട്ടുണ്ട് , എന്താച്ചാല്‍ ,എന്ജിനീയറിംഗ് കഴിഞ്ഞപ്പോ നീ എന്‍റെ ഓട്ടോഗ്രാഫില്‍ എഴുതിയ സാഹിത്യം എന്താണ് എന്ന് 6 വര്‍ഷം കഴിഞ്ഞിട്ടും എനിക്ക് മനസ്സിലായിട്ടില്ല :-)

    ReplyDelete